ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ല, തോന്നിയെങ്കില്‍ വിഷമമുണ്ട്: എ.കെ ബാലന്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് നിയമന്ത്രി എ. കെ ബാലന്‍. കേന്ദ്രസര്‍ക്കാരിനോ ഗവര്‍ണര്‍ക്കോ എതിരല്ല സര്‍ക്കാര്‍ നടപടിയെന്നും ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അങ്ങനെ തോന്നുന്നുവെങ്കില്‍ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണറോട് സമ്മതം വാങ്ങണം എന്ന് ഭരണഘടനയിലോ റൂള്‍സ് ഓഫ് ബിസിനസ്സിലോ നിയമസഭ നിയന്ത്രിക്കുന്ന ചട്ടങ്ങളിലോ ഒന്നുമില്ല. ഗവര്‍ണറെ അറിയിക്കണം എന്നുമാത്രമാണ്. ഗവര്‍ണറുടെ അധികാരം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. നിയമോപദേശം തേടിയ ശേഷം ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ വലിപ്പം തിരിച്ചറിയാതെ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസ്താവന നടത്തുകയാണെന്ന് സിപിഎം പത്രം വിമര്‍ശിക്കുന്നു.

സര്‍ക്കാരിന്റെ ദൈനംദിന തീരുമാനങ്ങളെല്ലാം ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ വിമര്‍ശിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. അതിനിടെ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പിബി റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകും. തുടര്‍സമര പരിപാടികളെക്കുറിച്ച് ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ധാരണയാകും.

Top