‘വിരട്ടൽ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി’: കെ.സുരേന്ദ്രന് മറുപടിയുമായി എ.എ റഹീം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് കെ.സുരേന്ദ്രന് മറുപടിയുമായി ഡിവൈഎഫ്‌ഐ നേതാവ് എ.എ റഹീം.

പൗരത്വ നിയമ ഭേദഗതി മൂത്ത മോദി വിരോധി ദീദിയുടെ ബംഗാളില്‍ മാത്രമല്ല കേരളത്തിലും നടപ്പിലാക്കുമെന്ന കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രസ്താവനയ്ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റഹീമിന്റെ മറുപടി.

ഇത്തരം വിരട്ടില്‍ ഇവിടെ വേണ്ടെന്നും ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതിയെന്നുമാണ് എഎ റഹീം തിരിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നത്.

ഫെയസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വിരട്ടല്‍ ഇവിടെ വേണ്ട,
ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി.
ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകര്‍ക്കാനും വന്നാല്‍ അത് കേരളത്തില്‍ നടക്കില്ല തന്നെ. ‘അങ്ങ് മമതയുടെ ബംഗാളില്‍ നടന്നു, പിന്നെയല്ലേ കേരളം’ എന്നാണ് ഒരു ബിജെപി നേതാവിന്റെ വെല്ലുവിളി.മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്.
ഈ ചുവന്ന കൊടിക്കു കീഴില്‍ മുപ്പത്തിമൂന്നു വര്‍ഷം ബംഗാള്‍ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാര്‍ട്ടിക്കാര്‍. അന്ന് ഉത്തരേന്ത്യ മുഴുവന്‍ ത്രിശൂലവും കയ്യിലേന്തി മനുഷ്യന്റെ ചോര തേടി ആര്‍എസ്എസ് അലഞ്ഞപ്പോള്‍ ചെങ്കൊടി പറക്കുന്ന ബംഗാളില്‍ ഒരു മനുഷ്യനെയും മതത്തിന്റെ പേരില്‍ കൊല്ലാന്‍ പോയിട്ട് ഒന്നു പോറലേല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഒരു പള്ളിയും തകര്‍ന്നില്ല, ഒരു വര്‍ഗീയ കലാപവും നടന്നില്ല.
ഇടതുപക്ഷത്തെ ഇറക്കി, മമതയെ കയറ്റി എന്നിട്ടായിരുന്നു കലാപങ്ങള്‍. ഇന്ന് ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കര്‍ണാടകയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയകലാപം നടക്കുന്ന സംസ്ഥാനമാണ് ബംഗാള്‍.
കേരളം വേറെ ലെവലാണ് മിസ്റ്റര്‍.
കേരളം തലയുയര്‍ത്തി നില്‍ക്കും. ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് ഈ നാട്.
നേരം വെളുക്കാത്തതും ബിജെപിക്കാര്‍ക്ക് മാത്രമാണ്. പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളെയും സമരം ചെയ്യുന്ന കര്‍ഷകരെയും, വിദ്യാര്‍ഥികളെയും കാണുന്നില്ലേ, പൗരത്വ ബില്ലിനെതിരെ കത്തുന്ന തെരുവുകള്‍ കാണൂ… ജനങ്ങള്‍ തീയിട്ട ബിജെപി ഓഫീസുകള്‍ കാണൂ…
രാജ്യം ഭരിക്കുന്നവര്‍ക്ക് അവിടെ സ്വന്തം ഓഫീസ് സംരക്ഷിക്കാനുകുന്നില്ല. പിന്നെയാണ് കേരളത്തില്‍..
വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി.

Top