തലസ്ഥാനത്തെ യാചകരെ കോവിഡ് പരിശോധന നടത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ അലഞ്ഞ് നടക്കുന്ന യാചകരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുമെന്ന് തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍. പിന്നീട് ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് ഞായറാഴ്ച്ച മുതല്‍ യാചകരെ പരിശോധനയ്ക്ക് ശേഷം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് മേയര്‍ അറിയിച്ചു.

ആദ്യത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നഗരത്തിലെ മുഴുവന്‍ യാചകര്‍ക്കായും നഗരസഭ ക്യാമ്പുകള്‍ ഒരുക്കിയിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പലരും കൊഴിഞ്ഞ് പോവുകയായിരുന്നു.

അതേസമയം, മേയര്‍ കെ. ശ്രീകുമാറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്.

ഇതോടെ ഇദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. കോര്‍പ്പറേഷനില രണ്ട് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കും രോഗം കണ്ടെത്തിയിരുന്നു. ഇവര്‍ പങ്കെടുത്ത കോവിഡ് അവലോകന സര്‍വകക്ഷിയോഗം കഴിഞ്ഞ ദിവസം കോര്‍പ്പറേഷനില്‍ നടന്നിരുന്നു. തുടര്‍ന്നാണ് ഈ യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ നിരീക്ഷണത്തിലായത്.

Top