കൊറോണ വ്യാപനം;സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യും

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പുറത്തിറങ്ങാന്‍ പോലുംകഴിയാതെ പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങള്‍ക്ക് അവശ്യസാധനങ്ങളുടെ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം.

സംസ്ഥാനത്ത് മുന്‍ഗണനാപട്ടികയിലുള്ളവര്‍ക്കും ബിപിഎല്ലുകാര്‍ക്കുമാണ് കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ഉച്ചക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുമെന്നാണ് വിവരം.
ഭക്ഷ്യ സാധനങ്ങള്‍ അവരുടെ വീട്ടിലേക്ക് എത്തിക്കുന്ന തരത്തില്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ സാധ്യതയുണ്ട് എന്നത് കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആലോചിക്കുന്നത്.

അതേസമയം, ബാറുകളും ബിവറേജുകളും 21 ദിവസം അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കുകയാണ്. എക്‌സൈസ് വകുപ്പിനാണ് ഇതിന്റെ ചുമതല.
ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

Top