പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില മുസ്ലീം സംഘടനകള്‍ ഈ മാസം 17ന് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി സിപിഎം. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്‍പെടുന്നതിന് തുല്യമാണ് ഹര്‍ത്താലുമായി മുന്നോട്ടുപോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും സിപിഎം ആവശ്യപ്പെട്ടു

വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ഡി.എച്ച്.ആര്‍.എം, ജമായത്ത് കൌണ്‍സില്‍ തുടങ്ങി 35 ഓളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു.

അതേസമയം, ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും തീവ്രനിലപാടുകാരുമായി യോജിച്ച് സമരത്തിനില്ലെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞിരുന്നു. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സമസ്തയും അറിയിച്ചിരുന്നു. ഇതിനിടെ, പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളായ അസം, ത്രിപുര ഉള്‍പ്പെടെയുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായ പ്രക്ഷോഭങ്ങളാണ് ബില്ലിനെതിരെ നടക്കുന്നത്.

Top