മദ്യാസക്തര്‍ക്ക് വീട്ടില്‍ മദ്യമെത്തിച്ച് നല്‍കാനൊരുങ്ങി ബെവ്‌കോ

തിരുവനന്തപുരം: മദ്യാസക്തര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വീട്ടിലെത്തിച്ചു നല്‍കാന്‍ നടപടികളുമായി ബിവറേജസ് കോര്‍പറേഷന്‍.

100 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കി എസ്എല്‍ 9 ലൈസന്‍സുള്ള ഗോഡൗണില്‍ നിന്ന് മദ്യവിതരണം നടത്താനാണ് ബെവ്‌കോയുടെ തീരുമാനം. ബിയറും വൈനും വിതരണം ചെയ്യില്ല. പകരം വില അധികമില്ലാത്ത റമ്മും ബ്രാന്‍ഡിയുമാണു വിതരണം ചെയ്യുന്നത്.

അതേസമയം,മൂന്നു ലിറ്ററില്‍ അധികം മദ്യം നല്‍കാന്‍ പാടില്ലെന്നും ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമിച്ചു മദ്യം വിതരണം ചെയ്യണമെന്നും സഞ്ചരിക്കേണ്ട ദൂരം, പാസുകളുടെ എണ്ണം എന്നിവ കണക്കാക്കി ആവശ്യമായ വാഹനം വെയര്‍ഹൗസ് മാനേജര്‍മാര്‍ തയാറാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

മാത്രമല്ല മദ്യവിതരണത്തിനായി ഒരു വാഹനത്തില്‍ രണ്ടു തൊഴിലാളികളെ ചുമതലപ്പെടുത്തണം. വാഹനത്തിനുള്ള പാസും ജീവനക്കാരുടെ പാസും പൊലീസ് സ്റ്റേഷനില്‍ നിന്നു വാങ്ങണം. വെയര്‍ഹൗസിലെ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ സ്റ്റോക്കിന്റെ കണക്ക് ദിവസേന രേഖപ്പെടുത്തണമെന്നും ബെവ്‌കോ എംഡി ജി. സ്പര്‍ജന്‍ കുമാറിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്‌സൈസ് പാസ് നല്‍കുന്നവര്‍ക്ക് മദ്യം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചാര്‍ജ് ഈടാക്കി മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ ബെവ്‌കോ തീരുമാനിച്ചത്.

Top