പവര്‍ ലിഫ്റ്റിങിൽ ഓവറോള്‍ കീരീടം ചൂടി തിരുവനന്തപുരം ജില്ല

തിരൂര്‍: തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ ഹാളില്‍ നടന്നുവന്ന 46-ാമത് സംസ്ഥാന പുരുഷ-വനിത പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ കീരീടം ചൂടി. 96 പോയന്റുകള്‍ നേടിയാണ് തിരുവനന്തപുരത്തിന്റെ കിരീട നേട്ടം.

89 പോയന്റുമായി ആലപ്പുഴ രണ്ടാം സ്ഥാനവും 83 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. പുരുഷ വിഭാഗത്തില്‍ 54 പോയന്റ് നേടി തിരുവനന്തപുരം ഒന്നാം സ്ഥാനവും 45 പോയന്റ് നേടി കണ്ണൂര്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 39 പോയന്റ് സ്വന്തമാക്കിയ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.

വനിതാ വിഭാഗത്തില്‍ ആലപ്പുഴ ജില്ല 54 പോയിന്റുമായി ഒന്നാം സ്ഥാനവും 44 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 42 പോയിന്റുമായി തിരുവനന്തപുരം മുന്നാം സ്ഥാനത്തുമെത്തി.സ്‌ട്രോങ് മാന്‍ ഓഫ് കേരളയായി തിരുവനന്തപുരത്തിന്റെ ബിജിന്‍ സാങ്കിയെയും സ്‌ട്രോങ് വുമണ്‍ കേരളയായി ആലപ്പുഴ ജില്ലയുടെ എം. അനീഷയേയും തിരഞ്ഞെടുത്തു.

സമാപന സമ്മേളനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവ് പി.ജെ ജോസഫ് മുഖ്യാതിഥിയായിരുന്നു. നഗരസഭാധ്യക്ഷ എ.പി. നസീമ സമ്മാനദാനം നടത്തി.

കുറ്റിപ്പുറം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.വി. വാസുണ്ണി, പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍  ജില്ലാ സെക്രട്ടറി പി.സുധാകരന്‍, ട്രഷറര്‍ കെ.വത്സല, വേണു ജി.നായര്‍, രമാ ശശിധരന്‍, യാസര്‍ പയ്യോളി, പി.കോയ, കള്ളിയത്ത് സത്താര്‍ ഹാജി, നാസര്‍ കൊട്ടാരത്ത്, ഹമീദ് കൈനിക്കര എന്നിവര്‍ പ്രസംഗിച്ചു.

Top