വിമാനത്താവള സ്വര്‍ണക്കടത്ത് കേസ്‌; ഒളിവില്‍ കഴിഞ്ഞ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

Gold-bullion-vault

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന രാധകൃഷ്ണനെയാണ് സി.ബി.ഐ പിടികൂടിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാധാകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

രാധാകൃഷ്ണനെ കോഫേ പോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാന്‍ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. കോടതി നിര്‍ദ്ദേശം അനുസരിച്ച് കരുതലല്‍ തടങ്കലില്‍ വയ്ക്കുന്നതിനായി ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയാണ് .സി.ബി.ഐ. അല്‍പ്പസമയത്തിനുള്ളില്‍ ഇയാളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും എന്ന് അധികൃതര്‍ അറിയിച്ചു.

വാഹനാപകടത്തില്‍ മരണപ്പെട്ട സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ജമീല്‍ ജബ്ബാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്. അഡ്വക്കേറ്റ് ബിജു മനോഹര്‍ ആണ് കേസിലെ മുഖ്യ പ്രതിയും സൂത്രധാരനും. മേയ് പതിമൂന്നിന് 25 കിലോ സ്വര്‍ണം കടത്തിയതിന് സെറീന എന്ന സ്ത്രീ പിടിയിലായതോടെയാണ് വിമാനത്താവളം വഴി നടക്കുന്ന വന്‍ തോതിലുള്ള സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

Top