ഡിപ്ലോമാറ്റിക് ലഗേജിലെ സ്വര്‍ണക്കടത്ത്; മുഖ്യ ആസൂത്രക ഐ.ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥ

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷ് എന്ന് കണ്ടെത്തല്‍. യു.എ.ഇ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ട് സ്വപ്ന പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓപ്പറേഷന്‍ മാനേജരാണ് സ്വപ്ന. ഇവര്‍ക്കായി തെരച്ചില്‍ പൊലീസ് ശക്തമാക്കി. അതേസമയം മുന്‍ പി.ആര്‍.ഒ സരിത്തിന്റെ അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് രേഖപ്പെടുത്തും.

കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടിയില്‍ കസ്റ്റംസ് നിയമോപദേശം തേടും. കള്ളക്കടത്തില്‍ പങ്കുള്ള കൂടുതല്‍ പേരെ കൂടി തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഈ സംഘം മുമ്പും കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. വന്‍ തുകയാണ് ഇവര്‍ക്ക് കമ്മിഷനായി ലഭിച്ചിരുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ സ്വര്‍ണ്ണം പുറത്തെത്തിച്ചത്. കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാന്‍ അവകാശമില്ലെന്നായിരുന്നു ഇവരുടെ വാദം. ദുബായില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണമടങ്ങിയ കാര്‍ഗോ വിട്ടു കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സരിത് സമ്മര്‍ദ്ദം ചെലുത്തി. കാര്‍ഗോ തുറന്നാല്‍ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഈ പൈപ്പുകളുള്‍പ്പടെ ഒന്നും തന്നെ ദുബായിലേക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നില്ല എന്നാണ് കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ മാത്രമാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഈ കാര്യങ്ങളുടെ ചുമതല സരിത്തിനായിരുന്നു. ഈ സാഹചര്യത്തിലാണ് പി.ആര്‍.ഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാര്‍ഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോണ്‍സുലേറ്റിന് മാത്രമാണ്. അങ്ങനെയെരിക്കെ സ്വര്‍ണ്ണം ആര്‍ക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുളളത്.

കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ കണ്ടെത്തിയതിനാല്‍ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണവും.

അതേസമയം സ്വര്‍ണ്ണക്കടത്തിന്റെ പേരിലെ ആരോപണങ്ങളെല്ലാം യു.എ.ഇ കോണ്‍സുലേറ്റ് നിഷേധിച്ചു. ദുബായില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ മാത്രം എത്തിക്കാനാണ് ഓര്‍ഡര്‍ നല്‍കിയിരുന്നതെന്നും കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചു.

Top