ശമ്പളപ്രതിസന്ധി; സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിക്കാതെ ചര്‍ച്ച നടത്തില്ല: എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയില്‍ കുറ്റപ്പെടുത്തിയ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് മറുപടിയുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. മന്ത്രിക്ക് മാത്രമായി പ്രശനം പരിഹരിക്കാനാകില്ലെന്നും പുനരുദ്ധാരണ പാക്കേജിന് പ്രത്യേക പണം അനുവദിക്കാതെ ചര്‍ച്ച നടത്തിയതുകൊണ്ട് പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു.

മൂന്നാംമാസവും തുടര്‍ച്ചയായി കെഎസ്ആര്‍ടിസി ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ ഇപ്പോഴും സമരം തുടരുകയാണ്.

ഇതിനിടയില്‍ ഗതാഗതമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് യൂണിയന്‍ നേതാക്കള്‍ ഉയര്‍ത്തുന്നത്‌. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് എംഡിയുടേയോ ഗതാഗതമന്ത്രിയുടേയോ കാര്യക്ഷമതയെ ചോദ്യം ചെയ്യേണ്ടെന്ന് ഗതാഗത മന്ത്രി തുറന്നടിച്ചു.

ആയിരം കോടിയുടെ പുനരുദ്ധാരണ പദ്ധതി ബജറ്റില്‍ അനുവദിച്ചെങ്കിലും,അത് പെന്‍ഷനും ശമ്പളത്തിനും വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നത്. മറ്റ് വകുപ്പുകള്‍ക്ക് ലഭിക്കുന്നത് പോലുള്ള യാതൊരു സഹായവും കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശമ്പളത്തെ സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് ഒരു ഉറപ്പ് കിട്ടാതെ തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ഗതാഗതമന്ത്രി.

Top