ട്രൈറ്റണ്‍ ഇവി ഇന്ത്യന്‍ വിപണിയിലേക്ക് !

മേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ട്രൈറ്റന്‍ ഇന്ത്യയിലേക്ക് വരികയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടെസ്ലയുടെ പ്രധാന എതിരാളിയായ ട്രൈറ്റണ്‍ ഇവി ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് തെലങ്കാനയിലാണ് സ്ഥാപിക്കുന്നതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. തെലങ്കാന സര്‍ക്കാരുമായി കമ്പനി ഒരു ധാരണാപത്രത്തിലും ഒപ്പുവച്ചിരുന്നു.

ഇപ്പോഴിതാ കമ്പനി അതിന്റെ മോഡല്‍ എച്ച് വെളിപ്പെടുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാനയിലെ സഹീരാബാദില്‍ നിര്‍മ്മിക്കുന്ന പ്ലാന്റില്‍ മാത്രമേ കമ്പനി എട്ട് സീറ്റര്‍ എസ്യുവി നിര്‍മ്മിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ കാര്‍ ലോഞ്ച് ആയിരിക്കാം ഇത്.

മോഡല്‍ എച്ചില്‍ 200kWh ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു. ഈ രീതിയില്‍, ഒറ്റ ചാര്‍ജില്‍ 1,200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ കഴിയും. ആയിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. മോഡല്‍ എച്ച് ബാറ്ററി ഹൈപ്പര്‍ ചാര്‍ജറിന്റെ സൗകര്യത്തോടെ വരുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതിനാല്‍ ഹൈപ്പര്‍ ചാര്‍ജര്‍ ഉപയോഗിച്ച് ഇത് വെറും രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യും. മോഡല്‍ എച്ചിന്റെ നീളം 5.6 മീറ്ററായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. അതായത്, അത് ഒരു വലിയ എസ്യുവി ആയിരിക്കും. 5,663 ലിറ്റര്‍ സ്ഥലമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, 7 ടണ്‍ വരെ ഭാരം വഹിക്കാന്‍ ഇതിന് കഴിയും.

ഇന്ത്യ അതിന്റെ ഒരു പ്രധാന വിപണിയാണെന്ന് ട്രൈറ്റണ്‍ ഇവി പറയുന്നു. അതുകൊണ്ടാണ് കമ്പനി ‘മെയ്ക്ക് ഇന്‍ ഇന്ത്യ ഇവി’ ഇവിടെ അവതരിപ്പിക്കുന്നതും. കമ്പനിയുടെ തെലങ്കാന ഫാക്ടറി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഫാക്ടറിയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് പുതിയ പ്ലാന്റിനായി തെലങ്കാനയെ തിരഞ്ഞെടുത്തതെന്നു കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. തികച്ചും വ്യവസായ സൗഹൃദമായ നയങ്ങളാണു തെലങ്കാന പിന്തുടരുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.2020 ഒക്ടോബറിലാണു തെലങ്കാന സംസ്ഥാനത്തിന്റെ ഇലക്ട്രിക്ക് വാഹന നയം പ്രഖ്യാപിച്ചത്.

 

Top