ചാലക്കുടി സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു

തൃശ്ശൂര്‍: ചാലക്കുടിയില്‍ ഒന്‍പത് വയസുകാരന് സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റു. ചാലക്കുടി സി എം ഐ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ജെറാള്‍ഡിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാമ്പുകടിയേല്‍ക്കുന്നതിന് സമാനമായ പാടുകള്‍ കാലിലുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിഷാംശം ഏറ്റിട്ടുണ്ടോ എന്നറിയാന്‍ രക്ത പരിശോധന നടത്തുകയാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില അപകടാവസ്ഥയില്‍ അല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

തൃശൂര്‍ ജില്ലയിലെ തന്നെ ഒളരി സ്‌കൂളില്‍നിന്നും പാമ്പിനെ പിടികൂടി. പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ നിന്നാണു പാമ്പിനെ കണ്ടെത്തിയത്. വയനാട് ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഷെഹല ഷിറിന്‍ പാമ്പു കടിയേറ്റു മരിച്ച് ദിവസങ്ങള്‍ക്കകമാണ് ചാലക്കുടിയിലും സ്‌കൂളില്‍ വച്ച് വിദ്യാര്‍ത്ഥിക്കു പാമ്പുകടിയേല്‍ക്കുന്നത്. കൊല്ലം കരുകോണ്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരം വൃത്തിയാക്കുന്നതിനിടെ തൊഴിലാളിക്കും ബുധനാഴ്ച പാമ്പുകടിയേറ്റിരുന്നു.

Top