ചൈന കമ്പിവടി എടുത്താല്‍ ഇന്ത്യ ത്രിശൂലമേന്തും, അതിക്രമങ്ങള്‍ ചെറുക്കാന്‍ സേനയ്ക്ക് പരമ്പരാഗത ആയുധങ്ങള്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനങ്ങള്‍ പരമ്പരയാക്കിയിരിക്കുന്ന ചൈനയെ തുരത്താന്‍ പരമ്പരാഗത ആയുധങ്ങളുമായി ഇന്ത്യന്‍ സൈന്യം. രാജ്യത്തിന്റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ത്രിശൂലവും വജ്രായുധവും ഇനി സുരക്ഷാ സേനയുടെ ആയുധമാകും.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ചൈനീസ് സൈന്യം തങ്ങളുടെ കമ്പി വടികളും ടേസറുകളും ഉപയോഗിച്ച് ആക്രമണം നടത്തുമ്പോള്‍ ഇവയെ പ്രതിരോധിക്കാനുള്ള ആയുധങ്ങളാണ് നോയിഡ ആസ്ഥാനമായുള്ള കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

2020 ജൂണിലാണ് അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചുകൊണ്ട് ചൈനീസ് പീപ്പിള്‍സ് ആര്‍മി ഇന്ത്യന്‍ പ്രദേശത്തേക്ക് അതിക്രമിച്ച കയറിയത്. തോക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന കരാര്‍ നിലനില്‍ക്കുന്നതിനാലാണ് ചൈനീസ് പട്ടാളം വടികള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ചൈനയുടെ ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ ത്രാണിയുളള എന്നാല്‍ ജീവന് മാരകമല്ലാത്ത രീതിയിലുള്ള ആയുധങ്ങളാണ് ഇന്ത്യന്‍ സൈന്യത്തിന് നല്‍കുക.

പരമശിവന്റെ ത്രിശൂലത്തെയും ഇന്ദ്രന്റെ വജ്രായുധത്തേയും പ്രതിഫലിപ്പിക്കുന്നതാണ് ഈ ആയുധങ്ങള്‍ എന്ന് അപാസ്റ്റെറോണ്‍ പ്രൈവെറ്റ് ലിമിറ്റഡിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മോഹിത് കുമാര്‍ പറഞ്ഞു. ശത്രുക്കള്‍ക്ക് ഇലക്ട്രിക് ഷോക്ക് നല്‍കുന്നതിന് വേണ്ടിയാണ് വജ്ര നിര്‍മ്മിച്ചിരിക്കുന്നത്. ഒരറ്റത്ത് കൂര്‍ത്ത മുനയുള്ള മെറ്റല്‍ റോഡ് ടേസറാണിത്. ശത്രുക്കളെ ആക്രമിക്കാനും അവരുടെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ടയറ് പഞ്ചാറാക്കാനും വജ്ര ഉപയോഗപ്പെടുത്താം. അനുവദനീയമായ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന കറന്റ് ഉള്ളതിനാല്‍ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാന്‍ സാധിക്കുമെന്നതും ഈ ആയുധത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

നിരോധിത പ്രദേശങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന എതിരാളിയുടെ വാഹനത്തെ തടയാനാണ് തൃശൂല്‍ ഉപയോഗിക്കുന്നത്. വൈദ്യുതി പ്രസരിപ്പിക്കാന്‍ സാധിക്കുന്ന സാപ്പര്‍ പഞ്ചാണ് ഈ ആയുധങ്ങളിലെല്ലാം മുന്നില്‍ നില്‍ക്കുന്നത്. കൊടും തണുപ്പില്‍ നിന്നും രക്ഷനേടാനുള്ള ഗൗസുകളായി ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ് സാപ്പര്‍ പഞ്ചുകള്‍. എന്നാല്‍ ശത്രു അടുത്തെത്തിയാല്‍ ഇവയെ ഇലക്ട്രിക് ഷോക്ക് നല്‍കുന്ന ടേസറുകളാക്കി മാറ്റാന്‍ സാധിക്കും.

Top