തൃഷ ചിത്രം ‘രാങ്കി’ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

തൃഷ നായികയായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘രാങ്കി’. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ‘രാങ്കി’ സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്’. മലയാളിയായ അനശ്വര രാജനും അഭിനയിച്ചിരിക്കുന്ന ചിത്രമായ ‘രാങ്കി’യുടെ ഒടിടിറിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

നെറ്റ്ഫ്ലിക്സില്‍ ജനുവരി 29 മുതലാണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. പ്രമുഖ സംവിധായകൻ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്‍ക്കാണ് എം ശരവണൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് ‘രാങ്കി’.

തൃഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായി ‘രാങ്കി’ക്ക് മുമ്പ് പ്രദര്‍ശനത്തിന് എത്തിയത് ‘പൊന്നിയിൻ സെല്‍വൻ’ ആണ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‍നം സംവിധാനം ചെയ്‍ത ‘പൊന്നിയിൻ സെല്‍വൻ’ വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരന്നിരുന്നത്. ചോഴ രാജകുമാരിയായ ‘കുന്ദവൈ’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ തൃഷ അവതരിപ്പിച്ചിരുന്നത്.

തൃഷയ്‍ക്ക് പുറമേ വിക്രം , ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിവര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ‘ആദിത്യ കരികാലന്‍’ എന്ന കഥാപാത്രത്തെ വിക്രം അവതരിപ്പിച്ചു. ഛായാഗ്രഹണം രവി വർമ്മൻ ആയിരുന്നു. തോട്ട ധരണിയും വാസിം ഖാനും കലാ സംവിധാനവും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും നിര്‍വഹിച്ചു.

Top