വിജയ്ക്ക് ഒപ്പം തൃഷ; ലോകേഷ് ചിത്രം ‘ദളപതി 67’ പൂജ നടന്നു

ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി 67. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ദളപതി 67ന്റെ പൂജ കഴിഞ്ഞതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

പതിവ് പോലെ സിമ്പിൾ ലുക്കിൽ കൂളായി എത്തിയ വിജയിയെ വീഡിയോയിൽ കാണാം. ഒപ്പം തൃഷയും ഉണ്ട്. ഇരുവരെയും കൂടാതെ ലോകേഷ് ഉൾപ്പടെയുള്ള അണിയറ പ്രവർത്തകരും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. പൂജയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.

14 വർഷങ്ങൾക്ക് ശേഷം വിജയിയുടെ നായികയായി തൃഷ എത്തുന്നു എന്നത് ദളപതി 67ന്റെ പ്രത്യേകതകളിൽ ഒന്നാണ്. ‘കുരുവി’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, അര്‍ജുൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്.

അനിരുദ്ധ് രവിചന്ദ്രന്‍ സം​ഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം മനോജ് പരമഹംസയാണ്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിം​ഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. രാംകുമാര്‍ ബാലസുബ്രഹ്‍മണ്യമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

അതേസമയം, വാരിസ് ആണ് വിജയിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രം 300 കോടി ക്ലബ്ബിലും ഇടം പിടിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Top