ആക്ഷൻ രംഗങ്ങളുമായി തൃഷ; ന്യൂസ് റിപ്പോര്‍ട്ടറുടെ വേഷത്തിൽ എത്തുന്ന ‘രാംഗി’

മിഴ് പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ തൃഷ നായികയാകുന്ന ചിത്രമാണ് രാംഗി. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ‘രാംഗി’ സംവിധാനം ചെയ്യുന്നത്. പലകുറി റിലീസ് നീണ്ടുപോയ ഒരു ചിത്രമാണ് ‘രാംഗി’. മലയാളിയായ അനശ്വര രാജനും അഭിനയിക്കുന്ന ചിത്രമായ ‘രാംഗി’യിലെ ആക്ഷൻ രംഗങ്ങളെ കുറിച്ചാണ് പുതിയ വാര്‍ത്ത.

ഡിസംബര്‍ 30ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ തൃഷ തന്നെയാണ് സ്വന്തം ആക്ഷൻ രംഗങ്ങള്‍ ചെയ്‍തെന്നും താരം ന്യൂസ് റിപ്പോര്‍ട്ടറായിട്ടാണ് അഭിനയിക്കുന്നത് എന്നുമാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്. പ്രമുഖ സംവിധായകൻ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്‍ക്കാണ് എം ശരവണൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ‘രാംഗി’യെന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സി സത്യയാണ്.

Top