അപകീര്‍ത്തികരമായ പരാമര്‍ശം, അണ്ണാ ഡി.എം.കെ നേതാവിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി തൃഷ

ചെന്നൈ: അശ്ശീലവും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അണ്ണാ ഡി.എം.കെ. മുന്‍നേതാവ് എ.വി. രാജുവിനെതിരേ തൃഷ മാനനഷ്ടത്തിന് കേസ് നല്‍കി. പരസ്യമായി ക്ഷമാപണം നടത്തണമെന്നും നിലവിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോയും റിപ്പോര്‍ട്ടുകളും ഇന്റര്‍നെറ്റില്‍നിന്ന് നീക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാജുവിന് നോട്ടീസ് അയക്കുകയും ചെയ്തു.

മുന്‍ എം.എല്‍.എ. വെങ്കിടാചലത്തിനെതിരേ നടത്തിയ ആരോപണത്തെത്തുടര്‍ന്ന് ഫെബ്രുവരി 17-ന് രാജുവിനെ അണ്ണാ ഡി.എം.കെ.യില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് കേസിന് അടിസ്ഥാനമായ പരാമര്‍ശമുണ്ടായത്. ജയലളിതയുടെ മരണത്തിനുശേഷം അണ്ണാ ഡി.എം.കെ. എം.എല്‍.എ.മാരെ കൂവത്തൂരിലുള്ള റിസോര്‍ട്ടിലേക്ക് മാറ്റിയതിനെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് തമിഴ് സിനിമാനടിമാരെയും വെങ്കിടാചലത്തെയും ബന്ധപ്പെടുത്തി മോശമായ പരാമര്‍ശം നടത്തിയത്. ഇതില്‍ തൃഷയുടെ പേര് എടുത്തുപറഞ്ഞിരുന്നു.

രാജുവിന്റെ പരാമര്‍ശത്തിനെതിരേ സിനിമാതാരങ്ങളടക്കം രംഗത്തുവന്നു. ഇതിനിടെ താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്ന് രാജു വിശദീകരിച്ചു. എന്നാല്‍, അദ്ദേഹത്തിനെതിരേ നിയമനടപടിയുമായി പോകാന്‍ തൃഷ തീരുമാനിക്കുകയായിരുന്നു.

Top