ചുവപ്പിനെ തിരസ്ക്കരിച്ച ത്രിപുരയിൽ, ഇപ്പോൾ സംഭവിക്കുന്നത് ഞെട്ടിക്കുന്നത്

” ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു….
ഞാന്‍ ഒന്നും മിണ്ടിയില്ല.
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് ആയിരുന്നില്ല.
പിന്നീടവര്‍ തൊഴിലാളികളെ തേടി വന്നു,
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല….
കാരണം, ഞാനൊരു തൊഴിലാളിയും ആയിരുന്നില്ല. ഇതിനുശേഷം അവര്‍ ജൂതരെ തേടി വന്നു ….
ഈ ഘട്ടത്തിലും ഞാനൊന്നും മിണ്ടിയില്ല,
കാരണം, ഞാനൊരു ജൂതനും ആയിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെ തന്നെ തേടി വന്നു …
അപ്പോഴാകട്ടെ, എനിക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിരുന്നുമില്ല”

പ്രമുഖ നാസി വിരുദ്ധ പ്രവര്‍ത്തകനായ എമില്‍ മാര്‍ട്ടിന്‍ നീമോളര്‍ അനവധി വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ വാക്കുകളാണിത്. ലോകത്തിന്റെ മനസ്സില്‍ പതിഞ്ഞ ഈ വരികള്‍ വര്‍ത്തമാനകാല ഇന്ത്യയെ സംബന്ധിച്ചും ഇപ്പോള്‍ ഏറെ പ്രസക്തമാണ്. കമ്മ്യൂണിസ്റ്റുകള്‍ അരങ്ങൊഴിഞ്ഞ പശ്ചിമ ബംഗാള്‍ അശാന്തിയുടെ പിടിയിലമര്‍ന്നത് നാം ഇതിനകം തന്നെ കണ്ടു കഴിഞ്ഞു. രാഷ്ട്രീയത്തിനും അപ്പുറം മനുഷ്യന്റെ വിശ്വാസങ്ങളെയും വികാരങ്ങളെയും ചൂഷണം ചെയ്യുന്ന പ്രവര്‍ത്തനമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ബംഗാളിന്റെ മണ്ണില്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇതേ അപകടകരമായ രാഷ്ട്രീയം തന്നെയാണ് ത്രിപുരയിലും ഇപ്പോള്‍ അരങ്ങേറികൊണ്ടിരിക്കുന്നത്.

വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ വിളഭൂമിയായി കൊച്ചു ത്രിപുരയും മാറികഴിഞ്ഞു. ഇടതുപക്ഷം ഭരിച്ചപ്പോള്‍ ഒറ്റ വര്‍ഗ്ഗീയ കലാപം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന സംസ്ഥനങ്ങളിലാണ് കലാപ തീ ആളിപടര്‍ന്നിരിക്കുന്നത്. ഇത് അപകടകരമായ പോക്കാണ്. ഈ ‘തീ’ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും മുന്‍പ് തന്നെ തല്ലിക്കെടുത്തേണ്ടത് അനിവാര്യമാണ്. അതല്ലെങ്കില്‍ വലിയ പ്രത്യാഘാതത്തിനാണ് നാട് സാക്ഷ്യം വഹിക്കുക. സി.പി.എം ഓഫീസുകള്‍ തീയിട്ട് നശിപ്പിച്ചവര്‍ തന്നെയാണ് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ നശിപ്പിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റുകള്‍ക്കെതിരായ അക്രമത്തിന്റെ തുടര്‍ച്ചയാണിത്. രാഷ്ട്രീയ സംഘര്‍ഷത്തില്‍ നിന്നും വഴിമാറി ത്രിപുരയിലെ കലാപത്തിന് സാമുദായിക നിറമാണ് നല്‍കപ്പെട്ടിരിക്കുന്നത്.

ബിജെപി ത്രിപുരയില്‍ രാഷ്ട്രീയ അരാജകത്വവും കലാപവും വളര്‍ത്തുകയാണെന്ന്തുറന്നടിച്ചത് ബി.ജെ.പി എം.എല്‍.എ ആയ ആശിഷ് ദാസാണ്. തല മുണ്ഡനം ചെയ്താണ് ഇക്കാര്യത്തില്‍ തനിക്കുള്ള പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പിന്നാലെയാണിപ്പോള്‍ വ്യാപക ആക്രമണവും പൊട്ടിപുറപ്പെട്ടിരിക്കുന്നത്. അയല്‍ രാജ്യമായ ബംഗ്ലാദേശിലെ ദുര്‍ഗാ പൂജാ പന്തലില്‍ ഉണ്ടായ കലാപത്തിനെതിരെ ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച റാലിയിലാണ് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. ന്യൂനപക്ഷ ആരാധനാലയങ്ങള്‍, കടകള്‍ തുടങ്ങിയവ അക്രമികള്‍ തീയിട്ട് നശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല.

വടക്കന്‍ ത്രിപുര ജില്ലയിലെ ചാന്തില്ല മേഖലയിലാണ് അക്രമങ്ങള്‍ കൂടുതലായും നടന്നതെങ്കിലും സംസ്ഥാനമാകെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ത്രിപുരയില്‍ ബി.ജെ.പി അധികാരം ഏറ്റെടുത്ത നാള്‍ മുതല്‍ തുടങ്ങിയ ആക്രമണമാണ് വര്‍ഗ്ഗീയ കലാപത്തില്‍ വരെ എത്തി നില്‍ക്കുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് പരക്കെ അഴിഞ്ഞാടുന്നത്. സി.പി.എം ഓഫീസുകളും ലെനിന്റെ കൂറ്റന്‍ പ്രതിമയും തകര്‍ത്ത് തുടങ്ങിയ ആക്രമണത്തിന്റെ തുടര്‍ച്ച കൂടിയാണിത്. 2021 സെപ്തംബര്‍ എട്ടിന് സി പി .എം ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ നടന്ന ആക്രമണത്തില്‍ അനവധി പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.

സംസ്ഥാന കമ്മിറ്റി ഓഫീസും ഇരുപതിലേറെ സബ് ഡിവിഷണല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസുകളും നശിപ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ട്. സര്‍ക്കാരിന്റെ പിന്തുണയും പൊലീസിന്റെ മൗനാനുവാദവും ആക്രമണത്തിന് ഉണ്ടായിരുന്നു എന്നാണ് സി.പി.എം നേതൃത്വം ആരോപിക്കുന്നത്. അഗര്‍ത്തലയിലെ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് സി.ആര്‍.പി.എഫ് സംഘം അവിടെ നിന്ന് പിന്‍മാറിയിരുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ 15 തവണയാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം നിയോജകമണ്ഡലത്തില്‍ പോകാന്‍ പോലും അദ്ദേഹത്തെ പരിവാറുകാര്‍ അനുവദിക്കുന്നില്ല. ഇതിനു പുറമെ സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത നാല് മാധ്യമസ്ഥാപനങ്ങളും അവിടെ ജോലി ചെയ്യുന്ന 30 മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഈ ആക്രമണങ്ങള്‍ക്കെതിരെ കണ്ണടച്ച ഭരണകൂടമാണ് ഇപ്പോള്‍ വീണ്ടും കലാപകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കിയിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകള്‍ കത്തിചാമ്പലാകുമ്പോള്‍ ഈ ആക്രമണങ്ങളെ കണ്ടില്ലന്ന് നടിച്ചവര്‍ പോലും ഇപ്പോഴത്തെ വര്‍ഗ്ഗീയ കലാപം കണ്ട് ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്. ഇത്തരക്കാരെ കാലം ഓര്‍മ്മപ്പെടുത്തുന്നതും എമില്‍ മാര്‍ട്ടിന്‍ നീമോളറുടെ പ്രസിദ്ധമായ ആ വാക്കുകള്‍ തന്നെയാണ്. കമ്യൂണിസ്റ്റുകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രതികരിക്കാതിരുന്നവര്‍ ആക്രമണം തങ്ങളുടെ നേരെ തിരിയുന്നത് കണ്ട് അഭയം തേടി ഓടിക്കയറുന്നതും സി.പി.എം ഓഫീസുകളിലേക്കാണ് പരിവാര്‍ ആക്രമണത്തെ അതേ ശൈലിയില്‍ തിരിച്ചടിക്കാന്‍ സി.പി.എം പ്രവര്‍ത്തകരും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതാകട്ടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോലും സംയമനം പാലിച്ച സി.പി.എം പ്രവര്‍ത്തകര്‍ നാട് കത്തി ചാമ്പലാകാതെ ഇരിക്കാനാണ് ശക്തമായ പ്രതിരോധം ഉയര്‍ത്തിയിരിക്കുന്നത്. അടിക്ക് തിരിച്ചടി എന്നതു തന്നെയാണ് രീതി. സംഘര്‍ഷ മേഖല സന്ദര്‍ശിക്കാനെത്തിയ മാണിക്ക് സര്‍ക്കാറിനെ തടഞ്ഞ പരിവാര്‍ പ്രവര്‍ത്തകരെ ഓടിച്ചിട്ടാണ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചിരിക്കുന്നത്. ചുവപ്പിന്റെ മാറിയ മുഖം പൊലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. നിയമം നടപ്പാക്കാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ അത് നടപ്പാക്കാന്‍ രംഗത്തിറങ്ങാന്‍ തന്നെയാണ് സി.പി.എം അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. അസാധാരണമായ സ്ഥിതി വിശേഷമാണിത്.

സി.പി.എം നേതൃത്വം നല്‍കിയ സര്‍ക്കാറുകള്‍ ഭരിക്കുമ്പോള്‍ ഒരു കലാപവും ത്രിപുരയുടെ മണ്ണില്‍ നടന്നിട്ടില്ല. അതിനൊട്ട് ഇടതുപക്ഷം അനുവദിച്ചിട്ടുമില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല ചുവപ്പ് ഭരണം അസ്തമിച്ചപ്പോള്‍ ഉദയം ചെയ്തിരിക്കുന്നത് അരാജകത്വവാദികളാണ്. ഫാസിസത്തിന്റെ കാലൊച്ചയാണ് ത്രിപുരയില്‍ ഇപ്പോള്‍ കേള്‍ക്കുന്നത്. അതുകൊണ്ടു തന്നെ ഇതു ത്രിപുരയുടെ മാത്രം പ്രശ്‌നവുമല്ല. ജനാധിപത്യ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം കൂടിയാണ്. ഹിന്ദുത്വ അജന്‍ഡയെ എതിര്‍ക്കുന്നവര്‍ ആരായാലും അവസരം കിട്ടുമ്പോള്‍ അവരെ ആക്രമിച്ചും ഭയപ്പെടുത്തിയും നിശ്ശബ്ദരാക്കുകയെന്നത് കാവി രാഷ്ട്രീയത്തിന്റെ ദേശീയപരിപാടിയാണ്. അതു തന്നെയാണിപ്പോള്‍ ത്രിപുരയിലും അവര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കുവാന്‍ ചുവപ്പ് രാഷ്ട്രീയത്തിനാണ് കരുത്ത് പകരേണ്ടത്. ത്രിപുരയിലെ മതേതര മനസ്സുകള്‍ വൈകിയാണെങ്കിലും ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നതും അതു തന്നെയാണ്.

EXPRESS KERALA VIEW

Top