ത്രിപുരയില്‍ ബിജെപി–സിപിഎം സംഘര്‍ഷം കത്തിപ്പടരുന്നു ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

അഗര്‍ത്തല : 25 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് വിരാമം കുറിച്ച് ബിജെപി അധികാരത്തിലെത്തിയ ത്രിപുരയില്‍ സിപിഎം സ്ഥാപനങ്ങള്‍ക്കുനേരെ കനത്ത അക്രമം വ്യാപകമായതോടെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം–ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം.

സംസ്ഥാനത്ത് ഭരണം സ്വന്തമാക്കിയതിന്റെ ഹുങ്കില്‍ ബിജെപി പ്രവര്‍ത്തകരാണ് അക്രമം നടത്തുന്നതെന്നാണ് സിപിഎം വാദം. എന്നാല്‍, നീണ്ടകാലത്തിനുശേഷം ഭരണം നഷ്ടമായതിന്റെ ഞെട്ടലില്‍ സിപിഎം പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിടുന്നതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ അക്രമസംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിക്കും ഡിജിപി എ.കെ. ശുക്ലയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കി.

മണിക് സര്‍ക്കാരിനെ തറപറ്റിച്ച് ബിജെപി – ഐപിഎഫ്ടി സഖ്യം വന്‍ വിജയം നേടിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാന നഗരമായ അഗര്‍ത്തലയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം ഓഫിസുകള്‍ ആക്രമിക്കപ്പെട്ടു. ദക്ഷിണ ത്രിപുരയിലെ ബെലോണിയയില്‍ നഗരമധ്യത്തില്‍ സ്ഥാപിച്ചിരുന്ന ലെനിനിന്റെ പ്രതിമയും അക്രമികള്‍ തകര്‍ത്തു. ജെസിബി ഉപയോഗിച്ച് പ്രതിമ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബിജെപി പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്നാണ് ആരോപണം. ബലോണിയയില്‍ കോളജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പു സ്ഥാപിച്ച പ്രതിമയാണു തിങ്കളാഴ്ച ഉച്ചയോടെ തകര്‍ക്കപ്പെട്ടത്. പ്രതിമ തകര്‍ന്നുവീണപ്പോള്‍ ‘ഭാരത് കി ജയ്’ എന്ന മുദ്രാവാക്യം വിളികള്‍ പ്രവര്‍ത്തകര്‍ മുഴക്കുന്നുണ്ടായിരുന്നുവെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top