ത്രിപുരയില്‍ മത്സരിക്കാന്‍ പ്രതിപക്ഷത്ത് ആളില്ല; 96% സീറ്റിലും വിജയിച്ച് ബിജെപി

ത്രിപുര: നടക്കാനിരിക്കുന്ന ത്രിപുര പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജപിക്കെതിരെ മത്സരിക്കാന്‍ ആളില്ല. 96 ശതമാനം സീറ്റുകളിലും ബിജെപി എതിരില്ലാതെ വിജയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 3,075 ഗ്രാമ പഞ്ചായത്ത്, 154 പഞ്ചായത്ത് സമിതികള്‍, 18 ജില്ലാ പരിക്ഷത്ത് എന്നിവിടങ്ങളിലേക്ക് ബിജെപിയ്ക്ക് എതിരെ മത്സരിക്കാന്‍ ഒറ്റ നാമനിര്‍ദ്ദേശ പത്രിക പോലും നല്‍കാന്‍ മറ്റ് പാര്‍ട്ടികള്‍ക്കായിട്ടില്ല. സംസ്ഥാനത്ത് ബിജെപി കൂടുതല്‍ ശക്തിപ്പെടുകയാണെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് തോല്‍വി സംഭവിച്ചതിനെത്തുടര്‍ന്ന് നിരവധി ഇടത് പഞ്ചായത്ത് നേതാക്കള്‍ രാജി വച്ചതാണ് വലിയ ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. ചൊവ്വാഴ്ചയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ബിജെപി മറ്റുള്ളവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നും അവരെ ഭയപ്പെടുത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബിജെപിക്കാരല്ലാത്തവരുടെ പത്രികകള്‍ കീറിക്കളഞ്ഞെന്ന് സിപിഎമ്മും കുറ്റപ്പെടുത്തി. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ബിജെപി നിഷേധിച്ചു.

വെറും 132 സീറ്റുകളില്‍ മാത്രമാണ് സംസ്ഥാനത്ത് മത്സരം ഉണ്ടാവുക. സെപ്തംബര്‍ 30നായിരിക്കും മത്സരം. ബാക്കി എല്ലാ സീറ്റും എതിരില്ലാതെ ബിജെപി തൂത്തുവാരി.

തെരഞ്ഞെടുപ്പിന് പറ്റിയ സാഹചര്യമല്ല ത്രിപുരയിലുള്ളതെന്ന് മറ്റ് കക്ഷികള്‍ പറഞ്ഞു. ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ഇന്റിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയും തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ 19 പേര്‍ക്കാണ് പരിക്കേറ്റത്. ജനാധിപത്യത്തിന്റെ മരണമാണ് ത്രിപുരയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സിപിഎം അഭിപ്രായപ്പെട്ടു. ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

സ്ഥാനാര്‍ഥികളെ കിട്ടാത്ത സാഹചര്യത്തിലാണ് സിപിഎമ്മും കോണ്‍ഗ്രസും മത്സരത്തിനിറങ്ങാത്തതെന്ന് ബിജെപി വക്താവ് മൃണാള്‍ കാന്തി ദേബ് പറഞ്ഞു. ബിജെപിയെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top