ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

അഗര്‍തല: മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അല്‍പസമയത്തിനകം പുറത്തുനവരും.വോട്ടെണ്ണലിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

മൂന്ന് സംസ്ഥാനങ്ങളിലും 60 സീറ്റുകള്‍ വീതമാണുള്ളത്. അതിനാല്‍ മൂന്നിടങ്ങളിലും കേവലഭൂരിപക്ഷം ലഭിക്കുന്നതിന് 31 സീറ്റുകള്‍ സ്വന്തമാക്കണം.

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭരണത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ത്രിപുരയില്‍ മൂന്ന് ദശകത്തോളം നീണ്ട ഇടതുഭരണത്തിന് ഇത്തവണ ബിജെപി അന്ത്യം കുറിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

മേഘാലയയില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി കോണ്‍ഗ്രസാണ് ഭരണത്തില്‍. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ചരിത്രത്തില്‍ ആദ്യമായി മേഘാലയയില്‍ ഭരണത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്.

2008ല്‍ മൂന്നുമാസം രാഷ്ട്രപതിഭരണം ഒഴികെ, 2003 മുതല്‍ നാഗ പീപ്ള്‍സ് ഫ്രണ്ടാണ് (എന്‍.പി.എഫ്) നാഗാലാന്‍ഡില്‍ ഭരണം നടത്തുന്നത്. ഇവിടെയും ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണി ഭരണം പിടിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു

ഓരോ സംസ്ഥാനത്തും 59 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ത്രിപുരയില്‍ സി.പി.എം സ്ഥാനാര്‍ഥി മരണപ്പെട്ട സാഹചര്യത്തിലും മേഘാലയയില്‍ എന്‍.സി.പി സ്ഥാനാര്‍ഥി കൊല്ലപ്പെട്ടതിനാലും ആ മണ്ഡലങ്ങളില്‍ തെരെഞ്ഞടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. നാഗാലാന്‍ഡില്‍ എന്‍.ഡി.പി.പി മേധാവി നെയിഫു റിയോ എതിരില്ലാതെ തെരെഞ്ഞടുക്കപ്പെട്ടിരുന്നു.

Top