ജീവിക്കാനുള്ള അവകാശം മനുഷ്യനുമാത്രം അല്ല; മൃഗബലി നിരോധിച്ച് ത്രിപുര കോടതി

അഗര്‍ത്തല: തൃപുരയിലെ ക്ഷേത്രങ്ങളില്‍ മൃഗ-പക്ഷിബലി നിരോധിച്ച് ത്രിപുര ഹൈക്കോടതി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് അരിന്ദം ലോധ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. ഭരണഘടനയുടെ 21-ാം അനുഛേദമനുസരിച്ച് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി നടപടി.

സുഭാസ് ബട്ടാചാര്‍ജിയുടെ മൃഗ-പക്ഷി ബലിക്കെതിരായ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക തീരുമാനം. നിഷ്‌കളങ്കരായ മൃഗങ്ങളുടേയും പക്ഷികളുടേയും ജീവനാണ് അന്ധവിശ്വാസങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ഹോമിക്കപ്പെടുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ത്രിപുരയിലെ പ്രധാന ക്ഷേത്രങ്ങളായ മാതാ ത്രിപുരേശ്വരി ക്ഷേത്രത്തിലെയും ചതുര്‍ദാസ് ദേവതാ ക്ഷേത്രത്തിലെയും പ്രധാന ആചാരത്തില്‍ ഉള്‍പ്പെടുന്നതാണ് മൃഗബലി.

താന്ത്രിക് വിധികള്‍ അനുസരിച്ച് ഏറെക്കാലമായുള്ള ആചാരമാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ സംസ്ഥാനത്തെ മോസ്‌കുകളില്‍ ബക്രീദ് ദിവസം നടക്കുന്ന മൃഗബലിക്ക് ഉത്തരവ് തടയുന്നില്ല. അതേസമയം ക്ഷേത്രത്തിലെ മൃഗബലി തടയാനുള്ള നീക്കം സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന ആരോപണം നേരത്തെയുയര്‍ന്നിരുന്നു.

Top