‘വിരട്ടലൊന്നും ഇവിടെ നടക്കില്ല’ ത്രിപുരയിൽ ഇടപെടാൻ ശ്രമിച്ച ഗവർണ്ണർ വിവരമറിഞ്ഞു

Manik Sarkar

അഗര്‍ത്തല: കേരളത്തില്‍ മാത്രമല്ല കൊച്ചു ത്രിപുരയിലും കേന്ദ്ര ഇടപെടല്‍ വകവച്ച് തരില്ല.

സംസ്ഥാന ചീഫ് സെക്രട്ടിയെയും പൊലീസ് മേധാവിയെയും വിളിപ്പിച്ച് ‘ആളാകാന്‍’ ശ്രമിച്ച ഗവര്‍ണ്ണര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍.

ബിശാല്‍ഗട്ടിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ കുറിച്ച് വിവരങ്ങള്‍ അറിയാനാണ് ഗവര്‍ണ്ണര്‍ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നത്.

വിവരമറിഞ്ഞ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ കൂടിക്കാഴ്ചക്ക് പോകേണ്ടതില്ലന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഫെഡറല്‍ സംവിധാനത്തില്‍ കയറി ഇടപെടാന്‍ ആരെയും അനുവദിക്കില്ലന്ന നിലപാടിലായിരുന്നു ഈ കമ്യൂണിസ്റ്റ് .

കഴിഞ്ഞയാഴ്ചയാണ് ഇതേവിഷയം ഗവര്‍ണറുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിരുന്നത്. ഇതിന് പിന്നാലെ മറ്റൊരു യോഗം കൂടി വിളിപ്പിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.

മുഖ്യമന്ത്രി ആയ ഞാന്‍ ഗവര്‍ണറോട് സംസാരിച്ചു കഴിഞ്ഞതാണ്. ഇനി ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അദ്ദേഹത്തെ കാണേണ്ട ആവശ്യമില്ലെന്നും മണിക് സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ നടപടി ഭരണഘടനാ വ്യവസ്ഥകളുടേയും പ്രോട്ടോകോളിന്റേയും ലംഘനമാണെന്നും, ഏകാധിപത്യപരമാണെന്നും ആരോപിച്ച് ഗവര്‍ണറും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സംഭവം അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ ആയി ചുമതലയേറ്റത് മുതല്‍ തന്നെ സി.പി.എം ഗവര്‍ണര്‍ തതാഗത റോയുടെ നിലപാടുകള്‍ക്ക് എതിരാണ്. എന്നാല്‍ ആദ്യമായാണ് ഈ എതിര്‍പ്പ് ഒരു തുറന്ന പോരിലേക്കെത്തുന്നത്.

കേരളത്തില്‍ ചുവപ്പ് ഭീകരത ആരോപിച്ച് സംസ്ഥാന സര്‍ക്കാറിനെതിരെ രംഗത്ത് വന്ന ബി.ജെ.പി ഗവര്‍ണ്ണര്‍ സദാശിവത്തെ ഉപയോഗപ്പെടുത്തി സര്‍ക്കാറിനെതിരെ നടപടിക്ക് സമ്മര്‍ദ്ദം തുടരവെയാണ് ത്രിപുരയില്‍ നിന്നും അപ്രതീക്ഷിത പ്രഹരം ലഭിച്ചിരിക്കുന്നത്.

മുന്‍ ചീഫ് ജസ്റ്റിസായ സദാശിവത്തെ മാറ്റി കേരളത്തില്‍ മറ്റൊരു ഗവര്‍ണ്ണറെ കൊണ്ടുവന്ന് സംസ്ഥാന സര്‍ക്കാറിനെ പിരിച്ച് വിടണമെന്നതാണ് സംഘ പരിവാറിന്റെ സ്വപ്നം. ഇതു തന്നെയാണ് തൃപുരയിലെ ബി.ജെ.പിക്കാരുടേയും ആഗ്രഹം.

സംസ്ഥാന സര്‍ക്കാരുകളെ പിരിച്ച് വിട്ടാലും കാവി രാഷ്ട്രീയത്തിന് മുന്നില്‍ വഴങ്ങുന്ന പ്രശ്‌നമേ ഇല്ലന്നതാണ് തൃപുരയിലെയും കേരളത്തിലെയും ഇടതു സര്‍ക്കാരുകളുടെ നിലപാട്.

ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ദരിദ്രനും സംശുദ്ധനുമായാണ് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അറിയപ്പെടുന്നത്.

എസ്.എഫ്.ഐ യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന ഈ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ശേഷവും ലളിത ജീവിതമാണ് പിന്തുടരുന്നത്. കാലത്ത് എഴുന്നേറ്റാല്‍ മുഖ്യമന്ത്രിയുടെ ആദ്യ ജോലി തന്നെ സ്വന്തം വസ്ത്രങ്ങള്‍ കഴുകലാണ്.

കേന്ദ്ര സര്‍ക്കാര്‍ ചുവപ്പ് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കും മുന്‍പ് തന്നെ ബീക്കണ്‍ ‘പകിട്ട്’ ഒഴിവാക്കിയ മുഖ്യമന്ത്രിയും മണിക് സര്‍ക്കാറാണ്.

ഭാര്യപോലും ഔദ്യോഗിക വാഹനത്തില്‍ കയറാറില്ല. അവര്‍ റിക്ഷയിലും ബസിലുമൊക്കെയായിട്ടാണ് പുറത്ത് പോകുന്നത്.

മുഖ്യമന്ത്രി എന്ന നിലയില്‍ കിട്ടുന്ന ശബളമെല്ലാം പാര്‍ട്ടിക്കാണ് മണിക് സര്‍ക്കാര്‍ നല്‍കുന്നത്. പാര്‍ട്ടി നല്‍കുന്ന പ്രതിമാസ 5000 രൂപ അലവന്‍സും ഭാര്യയുടെ പെന്‍ഷനുമാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.

തുടര്‍ച്ചയായി അഞ്ചാം വട്ടം അധികാരത്തില്‍ എത്തിയിട്ടും അഴിമതി എന്ന ഒരു വാക്ക് ഇദ്ദേഹത്തിനെതിരെ പറയാന്‍ എതിരാളികള്‍ക്ക് പോലും കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top