തൃപ്പൂണിത്തുറയിൽ ഇടതിന് കേവല ഭൂരിപക്ഷം നഷ്ടം, കോൺഗ്രസിന് വോട്ടുചോർച്ച, സീറ്റുകൾ പിടിച്ച് ബിജെപി

കൊച്ചി: തൃപ്പുണിത്തുറയില്‍ ബിജെപി അട്ടിമറി വിജയം നേടിയതോടെ നഗരസഭയില്‍ ഭരണകക്ഷിയായ സിപിഎമ്മിന് കേവല ഭൂരിപക്ഷം നഷ്ടമായി. രണ്ട് വാര്‍ഡുകളാണ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത്. മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസിന് വലിയ വോട്ടു ചോര്‍ച്ചയാണ് തൃപ്പുണിത്തുറ ഉപതെരഞ്ഞെടുപ്പിലുണ്ടായത്.

തൃപ്പുണിത്തുറ നഗരസഭയിലെ ഇളമനതോപ്പ്, പിഷാരികോവിൽ വാർഡുകളിലാണ് ബിജെപി അട്ടിമറി വിജയം നേടിയത്. ഇതോടെ 49 അംഗ നഗരസഭയിൽ ഭരണ കക്ഷിയായ എൽഡിഎഫിന്‍റെ അംഗബലം 25 ല്‍ നിന്ന് 23 ആയി ചുരുങ്ങി. എൻഡിഎ 17, യുഡിഎഫ് 8, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് നഗരസഭയിലെ ഇപ്പോഴത്തെ കക്ഷി നില. എല്‍ ഡി എഫ് അംഗങ്ങളുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരെഞ്ഞെടുപ്പില്‍ രണ്ടിടത്തും തോറ്റത് ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയായി.

വലിയ വോട്ട് ചോർച്ചയുണ്ടായത് യുഡിഎഫിന് തിരിച്ചടിയാണ്. ഇളമനതോപ്പ് വാര്‍ഡില്‍ ബി.ജെ.പി 363 വോട്ട് നേടിയപ്പോള്‍ ഇടത് മുന്നണിക്ക് 325 വോട്ടുകളാണ് കിട്ടിയത്. ഇവിടെ യുഡിഎഫിന് ആകെ കിട്ടിയത് 70 വോട്ടുകള്‍ മാത്രമാണ്. പിഷാരികോവില്‍ വര്‍ഡില്‍ ബിജെപിക്ക് 468 വോട്ടുകളും ഇടതുമുന്നണിക്ക് 452 വോട്ടുകളും കിട്ടിയപ്പോള്‍ യുഡിഎഫിന് 251 വോട്ടുകളാണ് കിട്ടിയത്. ബിജെപി -കോൺഗ്രസ് കൂട്ടുകെട്ടാണ് എല്‍ഡിഎഫിന്‍റെ തോല്‍വിക്ക് കാരണമെന്ന് സിപിഎം ആരോപിച്ചു. നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപി കോൺഗ്രസിന് വോട്ടു ചെയ്യുകയും നഗരസഭയില്‍ കോൺഗ്രസ് ബിജെപിക്ക് വോട്ടുചെയ്യുകയെന്ന ധാരണയാണ് ഇതോടെ പുറത്തു വന്നതെന്നും സിപിഎം നേതൃത്വം ആരോപിച്ചു.

Top