തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതി വീണ്ടും മാറ്റി, സെപ്റ്റംബര്‍ 12 ന് വീണ്ടും പരിഗണിക്കും

ഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 -നാണ് കേസ് വീണ്ടും പരിഗണിക്കുക. കെ ബാബുവിന്റെ അഭിഭാഷകന്‍ ഇന്ന് ഹാജരാകുന്നതില്‍ അസൗകര്യം അറിയിച്ചതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. എന്നാല്‍ കേസ് ഇനി അനന്തമായി നീട്ടരുതെന്ന് എം സ്വരാജിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ അവശ്യപ്പെട്ടു.

ജനപ്രാതിനിത്യനിയമം അനുസരിച്ച് ആറ് മാസത്തിനുള്ളില്‍ ഇത്തരം കേസുകള്‍ തീര്‍പ്പാക്കണമെന്ന് എം സ്വരാജിന്റെ അഭിഭാഷകന്‍ കോടതിയോട് അവശ്യപ്പെട്ടു. എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കെ ബാബുവിന്റെ അഭിഭാഷകന്‍ നല്‍കിയ അപ്പീലാണ് കോടതി പരിഗണിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്‌തെന്ന ആരോപണങ്ങളടക്കം ഉയര്‍ത്തിയായിരുന്നു എം സ്വരാജിന്റെ ഹര്‍ജി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയില്‍ സമര്‍പ്പിച്ചതെന്നുമാണ് കെ ബാബുവിന്റെ വാദം.

സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയര്‍ത്തി അയ്യപ്പനെ മുന്‍നിര്‍ത്തിയാണ് കെ ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയത്. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു സ്വരാജിന്റെ വാദം.

Top