തൃപ്തി ദേശായിയുടെ കത്തിൽ വ്യക്തം, രണ്ടും കൽപ്പിച്ച് തന്നെയാണ് വരവ്

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താതെ കേരളം വിടില്ലന്നും ആരാധന നടത്താന്‍ ആയില്ലെങ്കില്‍ മടക്കയാത്രയ്ക്ക് ടിക്കറ്റെടുക്കില്ലെന്നും തൃപ്തി ദേശായി . തങ്ങളുടെ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ തൃപ്തി ദേശായി പറയുന്നു.

തൃപ്തി ദേശായിയുടെ കത്തിന്റെ പൂര്‍ണരൂപം

ബഹു. കേരളാ മുഖ്യമന്ത്രി,

വിഷയം: 2018 നവംബര്‍ 17ന് ഞങ്ങള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തുവാന്‍ എത്തുമ്പോള്‍ ഞങ്ങളുടെ ജീവന് ഭീഷണിയുണ്ടാകാനിടയുള്ളതുകൊണ്ട് കേരളത്തില്‍ വിമാനമിറങ്ങുന്നത് മുതല്‍ തിരികെ മഹാരാഷ്ട്രയില്‍ എത്തുന്നതുവരെ ഞങ്ങള്‍ക്ക് പൊലീസ് സുരക്ഷ അനുവദിക്കുന്നത് സംബന്ധിച്ച്.

സര്‍

2018 സെപ്റ്റംബര്‍ 28ന് വന്ന ചരിത്രപ്രധാനമായ സുപ്രീം കോടതി ഉത്തരവനുസരിച്ച് പത്ത് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ നിയന്ത്രം/വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധം ആയിപ്രഖ്യാപിച്ച് പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതാണല്ലോ. പത്ത് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ നിയന്ത്രണമോ വിലക്കോ ഇല്ല. സ്ത്രീകള്‍ക്ക് മാത്രം ഇത്തരം വിലക്ക് ഏര്‍പ്പെടുത്തുന്നത് ലിംഗവിവേചനം ആണ്.

ഒക്ടോബര്‍ 17 മുതല്‍ 22 വരെ ശബരിമല ക്ഷേത്രനട തുറന്നത് പരമോന്നത കോടതിയുടെ വിധി അനുസരിച്ച് സ്ത്രീകള്‍ക്കുവേണ്ടി കൂടി ആയിരുന്നു. എന്നാല്‍ പല രാഷ്ട്രീയ കക്ഷികളുടേയും സഹായം ഉപയോഗിച്ച് ചിലര്‍ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചു. ശബരിമല സ്ത്രീപ്രവേശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്ത് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. വനിതാ പൊലീസിന്റെ അടക്കം സഹായത്തോടെ സ്ത്രീകള്‍ ശബരിമലയില്‍ എത്തിയെങ്കിലും മുഖ്യതന്ത്രി ക്ഷേത്രനട എന്നേയ്ക്കുമായി അടച്ചിടും എന്ന് ഭീഷണി ഉയര്‍ത്തി. സാഹചര്യം അപകടകരമാകുന്നത് കണ്ട് ഭയപ്പെട്ടുപോയ ആ സ്ത്രീകള്‍ക്കും സന്നിധാനത്ത് പ്രവേശിക്കാതെ തിരികെ പോകേണ്ടിവന്നു.

ദീപാവലി സമയത്ത് രണ്ട് ദിവസത്തെ ആരാധനയ്ക്കായി ക്ഷേത്രം വീണ്ടും തുറന്നു. ആവശ്യത്തിന് സുരക്ഷ കിട്ടാത്തതുകൊണ്ട് രണ്ട് സ്ത്രീകള്‍ക്ക് യാത്ര ഉപേക്ഷിക്കേണ്ടിവന്നു. ഈ രണ്ട് ദിവസവും ക്ഷേത്രത്തില്‍ ഭക്തരേക്കാള്‍ കൂടുതല്‍ ക്ഷേത്രത്തില്‍ കണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ ആയിരുന്നു.

ക്ഷേത്രസന്നിധാനത്ത് എത്താനുള്ള ഞങ്ങളുടെ പരിശ്രമം തുല്യനീതിക്കുള്ള അവകാശത്തിന് വേണ്ടിയാണ്. ഇത് മതത്തിനോ വിശ്വാസികള്‍ക്കോ എതിരായ സമരമല്ല. മാത്രമല്ല, ഭക്തരുടെ മതവികാരം വ്രണപ്പെടുത്താന്‍ ഞങ്ങള്‍ക്ക് യാതൊരു ഉദ്ദേശവുമില്ല, ഞങ്ങളും ദൈവവിശ്വാസികളാണ്. സുപ്രീം കോടതി വിധി ഉണ്ടെങ്കില്‍ പോലും, പൊലീസ് സംരക്ഷണം ഉണ്ടെങ്കില്‍ പോലും ക്ഷേത്രത്തില്‍ കടന്ന് ഞങ്ങളുടെ ദൈവത്തെ കാണാനാകുന്നില്ല എന്നത് ഞങ്ങളുടെ വികാരത്തെയാണ് വ്രണപ്പെടുത്തുന്നത്.

സുപ്രീംകോടതി വിധി വന്നതിന് ശേഷം മുന്നൂറിലേറെ ഭീഷണികളാണ് എന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കിട്ടിയത്. എനിക്ക് കിട്ടിയ ഭീഷണികള്‍ ഇങ്ങനെയൊക്കെയാണ്. ”തൃപ്തി ദേശായി, നീ എന്നെങ്കിലും കേരളത്തില്‍ വന്നാല്‍ നിന്നെ കഷണം കഷണങ്ങളായി മുറിക്കും. നിന്നെ കൊന്നുകളയും, നീ കേരളത്തില്‍ വന്നാല്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യും.” വൃത്തികെട്ട, ഉദ്ധരിക്കാന്‍ പ്രയാസമുള്ള വാക്കുകള്‍ കൊണ്ടാണ് അവര്‍ എന്നെ അഭിസംബോധന ചെയ്യുന്നത്. അവര്‍ എന്നെ സ്വഭാവഹത്യ നടത്തി അപമാനിക്കുന്നു. വലിയ മാനസിക പ്രയാസത്തിലേക്കാണ് ഇതൊക്കെ എന്നെ നയിക്കുന്നത്.

1. തൃപ്തി ദേശായി, 33 വയസ്.

2. മനീഷ രാഹുല്‍ തിലേകര്‍, 42 വയസ്.

3. മീനാക്ഷി രാമചന്ദ്ര ഷിന്‍ഡെ, 46 വയസ്.

4. സ്വാതി കൃഷ്ണറാവു വട്ടംവര്‍, 44 വയസ്.

5. സവിത ജഗന്നാഥ് റാവുത്, 29 വയസ്.

6. സംഗീത (മാധുരി) ദോണ്ടിറാം തോണ്‍പെ, 42 വയസ്

7. ലക്ഷ്മി ഭാനുദാസ് മോഹിതെ, 43 വയസ്

അയ്യപ്പസ്വാമിയുടെ ചില ഭക്തരും ചില പാര്‍ട്ടികളുടെ പ്രവര്‍ത്തകരും ഞങ്ങളെ തടയാന്‍ ശ്രമിച്ചേക്കും. എന്നിട്ട് പ്രശ്നം ഉണ്ടാക്കിയത് ഞങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനും അവര്‍ ശ്രമിക്കും. അതുകൊണ്ട് എല്ലാവരുടേയും ചലനങ്ങള്‍ പൊലീസ് കൃത്യമായി നിരീക്ഷിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഞങ്ങള്‍ക്ക് കിട്ടിയ ഭീഷണികളില്‍ ചിലതില്‍ പറയുന്നത് വിമാനമിറങ്ങുമ്പോള്‍ തന്നെ ഞങ്ങളുടെ കൈകാലുകള്‍ ശരീരത്തില്‍ നിന്നും വെട്ടിമാറ്റുമെന്നും ബാക്കിവരുന്ന ശരീരഭാഗങ്ങള്‍ മഹാരാഷ്ട്രയ്ക്ക് കയറ്റിവിടുമെന്നുമാണ്. കേരളത്തില്‍ ഞങ്ങളുടെ ജീവന് വലിയ ഭീഷണിയുണ്ട്, ഞങ്ങളെ കൊല്ലാന്‍ ശ്രമം ഉണ്ടായേക്കാം. പതിനാറാം തീയതി ** മണിക്ക് *** വിമാനക്കമ്പിനിയുടെ വിമാനത്തില്‍ *** വിമാനത്താവളത്തില്‍ ഞങ്ങള്‍ വിമാനമിറങ്ങും. (മാധ്യമങ്ങള്‍ക്ക് കൈമാറിയ കത്തില്‍ ഈ വിശദാംശങ്ങള്‍ മായ്ച്ചിട്ടുണ്ട്) ആ സമയം മുതല്‍ കേരളം വിടുംവരെ ഞങ്ങള്‍ക്ക് സുരക്ഷയും സംരക്ഷണവും വേണം.

*** വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ തുടര്‍ന്ന് സഞ്ചരിക്കാന്‍ ഞങ്ങള്‍ വാഹനങ്ങളൊന്നും പറഞ്ഞിട്ടില്ല. വാടകയ്ക്ക് കാര്‍ വിളിച്ചാല്‍ ഞങ്ങള്‍ വഴിയില്‍ ആക്രമിക്കപ്പെടാന്‍ ഇടയുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ഒരു കാര്‍ നല്‍കണം. അതുപോലെ, പതിനാറാം തീയതി കോട്ടയത്ത് ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ ക്രമീകരിക്കണം. 17ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ഞങ്ങള്‍ കോട്ടയത്തുനിന്ന് പുറപ്പെടും. ഏഴുമണിയോടെ ദര്‍ശനത്തിനായി ഞങ്ങള്‍ ശബരില സന്നിധാനത്ത് എത്തും. ഈ സമയത്ത് ആര്‍എസ്എസ്/ ബിജെപി/ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അയ്യപ്പസ്വാമിയുടെ ഭക്തരില്‍ നിന്നും ഞങ്ങളുടെ ജീവന് ഭീഷണി ഉണ്ടാകാമെന്ന് ഞാന്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുന്നു. അതുകൊണ്ട് നിയമം കയ്യിലെടുക്കുന്നവര്‍ക്കും ഞങ്ങളെ തടയാന്‍ നോക്കുന്നവര്‍ക്കും എതിരെ നടപടിയുണ്ടാകണം. സുരക്ഷിതരായും തടസമില്ലാതെയും ഞങ്ങളെ ശബരിമല സന്നിധാനത്ത് എത്തിക്കണമെന്നും അങ്ങയോട് അപേക്ഷിക്കുന്നു.

സന്നിധാനത്ത് ആരാധന നടത്താന്‍ ആയില്ലെങ്കില്‍ മടക്കയാത്രയ്ക്ക് ഞങ്ങള്‍ ടിക്കറ്റെടുക്കില്ല, ദര്‍ശനം നടത്താതെ ഞങ്ങള്‍ കേരളം വിട്ടുപോവുകയുമില്ല.

ജനാധിപത്യപരമായ രീതിയിലും മഹാത്മാഗാന്ധി പ്രചരിപ്പിച്ച സത്യത്തിന്റേയും അഹിംസയുടേയും വഴിയിലൂടെയാകും ഞങ്ങള്‍ ക്ഷേത്രത്തില്‍ കയറുക. ആരൊക്കെ ഏതു തരത്തില്‍ ഞങ്ങളുടെ ക്ഷേത്രപ്രവേശനം തടയാന്‍ ശ്രമിച്ചാലും തടസപ്പെടുത്താന്‍ വരുന്നവരുടെ മുന്നിലൂടെ കൈകോര്‍ത്തുപിടിച്ച് ഞങ്ങള്‍ ഗാന്ധിമാര്‍ഗ്ഗത്തില്‍ ക്ഷേത്രത്തില്‍ കയറിയിരിക്കും. ഒരു കാര്യം കൂടി ശ്രദ്ധിക്കുക, അക്രമത്തിനുള്ള ഏത് പ്രകോപനം ഉണ്ടായാലും, അവിടെ ദൗര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവം ഉണ്ടായാലും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനും കേരളത്തിന്റേയും കേന്ദ്രത്തിന്റേയും പൊലീസിനും ആയിരിക്കും.

ഞങ്ങള്‍ കേരളത്തില്‍ എത്തുന്നത് മുതലുള്ള എല്ലാ ചെലവുകളും ഞങ്ങള്‍ക്ക് വേണ്ടിവരുന്ന സുരക്ഷയ്ക്കും കേരളത്തിലേയും തുടര്‍ന്ന് മഹാരാഷ്ട്രയിലേക്കുമുള്ള യാത്ര, കാര്‍ കൂലി, ഭക്ഷണം, താമസം അടക്കം എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇവയുടെ ബില്ലുകള്‍ തരാന്‍ ഞങ്ങള്‍ തയ്യാറാണ്.

പകര്‍പ്പുകള്‍,

1. ബഹു. നരേന്ദ്രമോദി, പ്രധാനമന്ത്രി

2. ബഹു. കേരളാ പൊലീസ് മേധാവി

3. ബഹു. ദേവേന്ദ്ര ഫട്നാവിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി

4. ബഹു പൂനെ പൊലീസ് കമ്മീഷണര്‍.

Top