ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചുറച്ച് കേന്ദ്ര സര്‍ക്കാര്‍ നീക്കം !

മുത്തലാഖ് ബില്ലിനു പിന്നാലെ ഏകീകൃത സിവില്‍കോഡും നടപ്പാക്കാനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. നേരത്തെ ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ മുത്തലാഖ് ബില്‍ പാസാക്കാനായിരുന്നില്ല. ഇതോടെയാണ് തുടര്‍ഭരണം ലഭിച്ചതോടെ മുത്തലാഖ് നിരോധനബില്ല് കേന്ദ്രസര്‍ക്കാര്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ കക്ഷികളുടെയും എതിര്‍പ്പിനെയും മുസ്ലീം സംഘടനകളുടെ വിയോജിപ്പിനെയും മറികടന്നാണ് മോദി സര്‍ക്കാരിന്റെ പുതിയ നീക്കം. മുത്തലാഖ് ബില്ലിനെ മുസ്ലിം സ്ത്രീകള്‍ അംഗീകരിക്കുന്നുവെന്ന നിലപാടാണ് മോദിക്കുള്ളത്. ബില്ലിന് ചില പ്രാദേശിക പാര്‍ട്ടികളുടെ പിന്‍തുണയും കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

2017 ആഗസ്റ്റിലാണ് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു നിരീക്ഷിച്ചായിരുന്നു കോടതി നടപടി. വിഷയത്തില്‍ സര്‍ക്കാര്‍ ആറുമാസത്തിനുള്ളില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചെന്ന പേരിലാണ് മുത്തലാഖ് നിരോധനബില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്.

എന്നാല്‍ ഒരു രാഷ്ട്രം ഒരു ജനത ഒരു ദേശീയത എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ആര്‍.എസ്.എസിന്റെ ആവശ്യമാണ് മുത്തലാഖ് നിരോധന ബില്ലും ഏകീകൃത സിവില്‍കോഡും എന്നതാണ് യാഥാര്‍ഥ്യം. മുത്തലാഖ് നിരോധന ബില്‍ അവതരിപ്പിക്കാന്‍ തീരുമാനമായതോടെ ഇനി ഏകീകൃത സിവില്‍കോഡ് എന്ന ആവശ്യത്തിലാണ് ആര്‍.എസ്.എസ് ഉറച്ചുനില്‍ക്കുന്നത്. ജാതി, മത, വര്‍ഗ ഭേദമന്യേ രാഷ്ട്രത്തിലെ ഏതു പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്‍തുടര്‍ച്ച അവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമ നിര്‍മാണമാണ് ഏകീകൃത സിവില്‍ നിയമംകൊണ്ട് ലക്ഷ്യമിടുന്നത്.

മേല്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തി നിയമങ്ങളാണ് ഇന്ന് പിന്‍തുടരുന്നത്. ഭരണഘടനയുടെ 44ാം ഖണ്ഡത്തില്‍ ഏകീകൃത സിവില്‍ നിയമം ഇന്ത്യയില്‍ നടപ്പാക്കുന്നതിനുള്ള ശ്രമം രാഷ്ട്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മാറി വന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ പതിപ്പിക്കാതെ വന്നപ്പോള്‍ സുപ്രീം കോടതി തന്നെ ഇക്കാര്യത്തില്‍ പലപ്പോഴായി ഇടപെട്ടിട്ടുണ്ട്.

ഭരണഘടനയുടെ 44ാം ഖണ്ഡത്തില്‍ പ്രതിപാദിക്കുന്ന ഏകീകൃത സിവില്‍ നിയമവും 25, 26 ഖണ്ഡങ്ങളില്‍ പറയുന്ന മതത്തിനെക്കുറിച്ചുള്ള അവകാശങ്ങളും പരസ്പരം എതിര്‍ക്കുന്നതോ ബന്ധപ്പെടുന്നതോ ആയ ഒന്നല്ല. ഇതില്‍ ഒന്ന് വ്യക്തിപരമായ വിശ്വാസത്തിനും മതത്തിനും മതപ്രവര്‍ത്തനത്തിനും സ്വാതന്ത്ര്യം നല്‍കുമ്പോള്‍ മറ്റൊന്ന് പൗരന്മാര്‍ക്ക് വിവേചനമില്ലാത്ത ഭൗതിക അവകാശങ്ങള്‍ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.

അതേസമയം ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്ത് ഹൈന്ദവ ദേശീയത അടിച്ചേല്‍പ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആരോപിക്കുന്നത്. വ്യക്തി നിയമങ്ങള്‍ ഇല്ലാതാകുന്നതോടെ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സവിശേഷവും മതപരവുമായ അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മുമടക്കം ബി.ജെ.പി ഇതര പ്രതിപക്ഷകക്ഷികളെല്ലാം ഏകീകൃത സിവില്‍കോഡിനെതിരെ ശക്തമായി നിലപാടെടുത്തവരാണ്.

ഏകീകൃത സിവില്‍കോഡിനെ എതിര്‍ക്കുന്നവര്‍ക്ക് മുന്നില്‍ ഗോവയാണ് സംഘപരിവാര്‍ ഉയര്‍ത്തികാട്ടുന്ന ഉദാഹരണം. ഒരു നൂറ്റാണ്ടു മുമ്പേ 1910ല്‍ പോര്‍ച്ചുഗീസുകാര്‍ നടപ്പാക്കിയ ഏകീകൃതപൗരനിയമമാണ് മതഭേദമില്ലാതെ ഗോവക്കാര്‍ ഇപ്പോഴും പിന്തുടരുന്നതെന്നാണ് വാദം. ഏകീകൃത സിവില്‍ നിയമംകൊണ്ട് ഗോവയിലെ മുസ്ലീം- ക്രിസ്ത്യന്‍ അടക്കമുള്ള ജനവിഭാഗങ്ങളുടെ ബഹുസ്വരത നഷ്ടപ്പെട്ടിട്ടില്ലെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ മുത്തലാഖിലും ഏകീകൃത സിവില്‍കോഡിലും ആര്‍.എസ്.എസിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള ബാധ്യത മാത്രമുള്ള മോദി അത് നടപ്പാക്കുമെന്ന വാശിയിലാണ്.

എന്ത് എതിര്‍പ്പുകള്‍ ഉയര്‍ന്നാലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ തന്നെയാണ് മോദി സര്‍ക്കാറിന്റെ തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയമാണ് ഇതിന് അവര്‍ക്ക് പ്രേരണയാകുന്നത്. സംഘപരിവാര്‍ സംഘടനകളും ഒറ്റക്കെട്ടായി ഈ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. രാമക്ഷേത്ര കാര്യത്തില്‍ കടുത്ത അതൃപ്തിയില്‍ നില്‍ക്കുന്ന സംഘപരിവാര്‍ നേതൃത്വത്തെ തണുപ്പിക്കുക എന്നതും പുതിയ നീക്കം വഴി മോദി ലക്ഷ്യമിടുന്നുണ്ട്.

രാമക്ഷേത്ര കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് അണികള്‍ക്ക് ആര്‍.എസ്.എസ് നേത്യത്വം ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ അനുകൂല നിലപാടുമായി മുന്നോട്ട് പോകാനാണ് പരിവാര്‍ നേതൃത്വം മോദി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണമാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ രാജ്യസഭയിലും എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിക്കുന്നതോടെ രാമക്ഷേത്ര കാര്യത്തില്‍ നിയമ നിര്‍മാണം വേണമെന്ന നിലപാടാണ് കാവി പടക്കുള്ളത്.

ഈ സാഹചര്യം കൂടി പരിഗണിച്ചാണ് മുത്തലാഖും ഏകീകൃത സിവില്‍ കോഡും മോദി സര്‍ക്കാര്‍ ആദ്യ അജണ്ടയാക്കുന്നത്. പ്രതിപക്ഷത്തിന്റേത് ഉള്‍പ്പെടെ ഒരു എതിര്‍പ്പും കേന്ദ്ര സര്‍ക്കാര്‍ കാര്യമാക്കുന്നില്ല. ഇതു സംബന്ധമായി എന്ത് പ്രക്ഷോഭം ഉയര്‍ന്നാലും നേരിടാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

Staff Reporter

Top