മുത്തലാഖ് ക്രിമിനല്‍ കുറ്റം: മുസ്ലിം വനിതാ വിവാഹാവകാശ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്‍ (മുത്തലാഖ് ബില്‍) ലോക്‌സഭ പാസാക്കി. 303 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്തു.

ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്ല്.ബില്ല് പാസാക്കുന്നതിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ബില്‍ ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ബില്ലിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുനൈറ്റഡ് എം.പിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മുസ്ലീം സമുദായത്തില്‍ ഭാര്യയുമായി വിവാഹമോചനം നേടാന്‍ ഭര്‍ത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാല്‍ മതിയെന്ന ചട്ടത്തിനെതിരാണ് ബില്ല്. ഇത്തരത്തില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാനുള്ള ചട്ടങ്ങള്‍ ബില്ലിലുണ്ട്.ബില്ലിനെതിരെ ഇന്ന് മുഴുവന്‍ സഭയില്‍ വലിയ പ്രതിപക്ഷ ബഹളം നടന്നിരുന്നു.

Top