ട്രിപ്പിള്‍ ലോക്കില്‍ തലസ്ഥാനം; കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി പൊലീസ്

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തലസ്ഥാന ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി പൊലീസ്. ജില്ലയിലേക്കുള്ള പ്രധാന വഴികള്‍ പൊലീസ് ഞായറാഴ്ച രാത്രിയോടെ അടച്ചിരുന്നു. ഇടറോഡുകളും അടച്ചു വഴി തിരിച്ചുവിട്ടതോടെ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. ആവശ്യസര്‍വീസുകള്‍ക്കും ആശുപത്രിയിലേക്കു പോകുന്നവര്‍ക്കും മാത്രമാണു പൊലീസ് യാത്രാനുമതി നല്‍കിയത്.

അടുത്തുള്ള കടകളില്‍ പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ അനുമതി ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന ദിവസമായതിനാല്‍ അവിടേക്കു പോകുന്ന ആളുകളെ സത്യവാങ്മൂലവും രേഖകളും പരിശോധിച്ചശേഷം പൊലീസ് കടത്തിവിട്ടു. 11 മണിക്കുശേഷം വാഹനങ്ങള്‍ നിരത്തില്‍ കുറഞ്ഞു.

നഗരാതിര്‍ത്തികളായ 20 സ്ഥലങ്ങള്‍ പൊലീസ് പൂര്‍ണമായും അടച്ചു. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വീസിനും നഗരത്തിലേക്കു പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും 6 എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

കഴക്കൂട്ടം സ്റ്റേഷന്‍ പരിധിയിലെ വെട്ടുറോഡ്, മണ്ണന്തലയിലെ മരുതൂര്‍, പേരൂര്‍ക്കട – വഴയില, പൂജപ്പുര – കുണ്ടമന്‍ കടവ്, നേമം – പള്ളിച്ചല്‍, വിഴിഞ്ഞത്തെ ചപ്പാത്ത് എന്നീ സ്ഥലങ്ങളിലാണു നഗരത്തിലേക്കുള്ള എന്‍ട്രി – എക്‌സിറ്റ് പോയിന്റുകള്‍.

അതോടൊപ്പം നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയും ഓരോ ക്ലസ്റ്ററുകളായി തിരിച്ച് ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.

 

Top