തിരുവന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു; പൊതുഗതാഗതം ഉണ്ടാകില്ല

തിരുവനന്തപുരം: സമൂഹ വ്യാപന ഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടച്ചിടും. പൊതുഗതാഗതമുണ്ടാകില്ല. മരുന്ന് കടകള്‍ മാത്രം പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ പൊലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പുതിയ സമ്പര്‍ക്കരോഗികളുടെ കണക്ക് കൂടി വന്നതോടെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തീരുമാനമെടുത്തത്.

അനാവശ്യമായി ആരും പുറത്തിറങ്ങരുത്. നഗരത്തില്‍ പ്രവേശിക്കാന്‍ ഒറ്റവഴി മാത്രമാണുള്ളത്. ബാക്കി റോഡുകള്‍ മുഴുവന്‍ അടയ്ക്കും. പൊതുഗതാഗതമില്ല. സ്വകാര്യവാഹനങ്ങള്‍ക്കും അനുമതി ഇല്ല. ആശുപത്രികള്‍ എല്ലാം പ്രവര്‍ത്തിക്കും. മെഡിക്കല്‍ ഷോപ്പുകള്‍ക്കും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തന അനുമതി ഉണ്ട്. തുറന്ന കടകളില്‍ ജനങ്ങള്‍ക്ക് പോകാനാകില്ല. ആവശ്യമനുസരിച്ച് പൊലീസ് സാധനങ്ങള്‍ വീട്ടിലെത്തിക്കും.

മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് തന്നെ ഓഫീസാക്കി പ്രവര്‍ത്തിക്കും. പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കും.ബാങ്കുകളും എടിഎമ്മുകളും ഡാറ്റാ സെന്ററകളും ഉണ്ടാകും. മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി ഉണ്ട്. വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും പോകാന്‍ അനുമതി ഉണ്ട്.

Top