ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘനം; ശൂരനാട് രാജശേഖരന് എതിരെ കേസ്

കൊല്ലം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന് എതിരെ കേസ്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ചാത്തന്നൂരില്‍ നിന്ന് കലക്ടറേറ്റില്‍ മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സമരം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് ചാത്തന്നൂര്‍ പൊലീസ് ശൂരനാട് രാജശേഖരനെതിരെ കേസെടുക്കാന്‍ കാരണം. തുടര്‍ന്ന് നിരീക്ഷണത്തില്‍ പോകാനും വാഹനത്തിന് പിഴ അടക്കാനും പൊലീസ് നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

എന്നാല്‍ സത്യവാങ്മൂലം എഴുതി നല്‍കി പൊലീസിന്റെ അനുമതി വാങ്ങിയ ശേഷമാണ് താന്‍ പോയതെന്നാണ് ശൂരനാട് രാജശേഖരന്‍ വിഷയത്തില്‍ പ്രതികരിച്ചത്. നേരത്തെ ലോക്ഡൗണ്‍ ചട്ടലംഘനം നടത്തിയെന്ന ആരോപണവിധേയനായ മന്ത്രി കടകംപള്ളി സുരേന്ദ്രന് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മന്ത്രി ലോക് ഡൗണ്‍ ലംഘിച്ചിട്ടില്ലെന്നും കമ്യൂണിറ്റി കിച്ചന്‍ സന്ദര്‍ശിക്കാനാണ് മന്ത്രി വന്നതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പരിപാടിയില്‍ ആള്‍ത്തിരക്കുണ്ടായിരുന്നില്ല. പങ്കെടുത്ത എല്ലാവരും മാസ്‌ക് ധരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

Top