ചാത്തന്നൂരിലെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന അഭിഭാഷകന്‍ മുങ്ങി

കൊല്ലം: ചാത്തന്നൂരിലെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ അഭിഭാഷകന്‍ മുങ്ങി. അഭിഭാഷകന്‍ ചാത്തന്നൂരിനു സമീപം ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ചു വനിതാ സുഹൃത്തിനെ കാണാന്‍ എത്തി പൊലീസിന്റെ പിടിയിലായി അവിടെത്തന്നെ ഗൃഹനിരീക്ഷണത്തില്‍ കഴിയവെയാണ് സ്ഥലം വിട്ടത്.

വനിതാ സുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പാണ് നിര്‍ദേശിച്ചത്. കാറും കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഉച്ചയ്ക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ അഭിഭാഷകന്‍ വനിതാ സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നില്ല.

തിരുവനന്തപുരത്തേക്ക് മുങ്ങിയെന്നാണ് പൊലീസിന്റെ നിഗമനം. വിവരം അവിടുത്തെ ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്. അഭിഭാഷകന്‍ തിരുവനന്തപുരത്തേക്കു കടന്നതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കുമെന്നു പൊലീസ് പറഞ്ഞു. ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിനു നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലാണ്.

Top