കണ്ണൂരില്‍ കൊവിഡ് ബാധിതര്‍ കൂടുന്നു; നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗ ബാധിതരുള്ള കണ്ണൂര്‍ ജില്ലയില്‍ നാളെമുതല്‍ ട്രിപ്പിള്‍ ലോക്ക് നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം. നേരത്തെ രോഗവ്യാപനം ശക്തമായപ്പോള്‍ കാസര്‍കോട് ജില്ലയിലും ട്രിപ്പിള്‍ ലോക്ക് നടപ്പാക്കിയിരുന്നു. ട്രിപ്പിള്‍ ലോക്ക് നടപ്പാക്കുന്നതോടെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധനയായിരിക്കും മുതലുണ്ടാവുക.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. വണ്ടികള്‍ പൊലീസ് പിടിച്ചെടുക്കും. അത്യാവശ്യ മരുന്നുകള്‍ വേണ്ടവര്‍ തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ആറ് പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂരിലുള്ളവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും അവിടെയും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഇന്ന് പരിശോധന ഫലം നെഗറ്റീവായ 21 കൊവിഡ് രോഗികളില്‍ 19 പേര്‍ കാസര്‍കോട് സ്വദേശികളാണ്. കഴിഞ്ഞ ദിവസങ്ങളിലും ഒരുപാട് പേര്‍ കാസര്‍കോട് നിന്നും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. നിലവില്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ മാത്രമാണ് പത്തിലേറെ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത്.

കണ്ണൂര്‍ (52), കാസര്‍കോട് (25), കോഴിക്കോട് (13). മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ ആറ് പേര്‍ വീതം ചികിത്സയിലുണ്ട്. അഞ്ച് പേരാണ് കൊല്ലത്ത് ചികിത്സയിലുള്ളത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, ജില്ലകളില്‍ രണ്ട് പേര്‍ വീതവും വയനാട്ടില്‍ ഒരാളും ചികിത്സയിലുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളെ കൂടാതെ ഇന്ന് ആലപ്പുഴ ജില്ലയും കൊവിഡ് മുക്തമായ ജില്ലകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Top