വ്യാജ വാക്‌സിന്‍ സ്വീകരിച്ച തൃണമൂല്‍ എം.പി മിമി ചക്രബര്‍ത്തി ആശുപത്രിയില്‍

കൊല്‍ക്കത്ത: വ്യാജ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മിമി ചക്രബര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയില്‍ നടന്ന വാക്‌സിന്‍ ക്യാമ്പില്‍ വെച്ചാണ് എം.പി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിനെടുത്തിട്ടും മൊബൈല്‍ ഫോണില്‍ വാക്‌സിനേഷന്‍ സന്ദേശം അടക്കമുള്ള വിവരങ്ങള്‍ ലഭിക്കാതിരുന്നതോടെ സംശയം തോന്നിയ എംപിയുടെ പരാതിയാണ് സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്.

നാല് ദിവസം മുമ്പാണ് എംപി വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ ചക്രബര്‍ത്തിക്ക് വയറുവേദന, നിര്‍ജലീകരണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിന് പിന്നാലെ സൗജന്യമായി നടത്തിയ വാക്‌സിന്‍ ക്യാമ്പില്‍ തനിക്ക് സംശയമുണ്ടെന്നും എം.പി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ വാക്‌സിന്‍ ക്യാമ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

തട്ടിപ്പിന് വിധേയരായി കൊല്‍ക്കത്തയില്‍ ഏകദേശം 1000ത്തോളം പേര്‍ വ്യാജ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.എ.എസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ദേബന്‍ജാന്‍ ദേബിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാക്‌സിന്‍ തട്ടിപ്പിന് വിധേയരായി മുംബൈയില്‍ 2000ത്തോളം പേരും വ്യാജ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

Top