പോക്‌സോ നിയമഭേദഗതി ബില്‍; ലൈംഗിക ചൂഷണത്തിന് ഇരയായ അനുഭവം വിവരിച്ച് രാജ്യസഭാംഗം

ന്യൂഡല്‍ഹി: പോക്‌സോ നിയമഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ താന്‍ കുട്ടിക്കാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവം തുറന്ന് പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍. താന്‍ കുട്ടിക്കാലത്ത് ലൈംഗിക ചൂഷണത്തിന് വിധേയനായിട്ടുണ്ടെന്നും അത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നും ഒബ്രിയാന്‍ പറഞ്ഞു.

ഒബ്രിയാനിന്റെ വാക്കുകളിങ്ങനെ…

‘ഏറെ ദുഃഖത്തോടെ ഞാനൊരു കാര്യം പറയാം. രാജ്യം അതറിയണം, എന്റെ കുടുംബത്തിന് അതറിയാം. എനിക്ക് 13 വയസ്സ് പ്രായം. ടെന്നീസ് പരിശീലനം കഴിഞ്ഞ് ബസില്‍ യാത്രചെയ്യുന്ന സമയം. ചെറിയ പാന്റ്‌സും ടീഷര്‍ട്ടുമായിരുന്നു വേഷം. തിരക്കുള്ള ബസിലായിരുന്നു യാത്ര. അതിനിടയില്‍ ഞാന്‍ ലൈംഗികമായി ചൂഷണത്തിനിരയായി. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും താന്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നും പിന്നീട് ഏറെക്കാലത്തിന് ശേഷമാണ് ഇക്കാര്യം മാതാപിതാക്കളോട് വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പോക്‌സോ നിയമത്തിലെ പ്രധാന ഭേദഗതി. രാജ്യസഭ നിയമഭേദഗതി പാസാക്കി. കൂട്ടത്തില്‍ പോക്‌സോ നിയമ ഭേദഗതി ബില്ലിനെ ഏറെ സന്തോഷത്തോടെ ശക്തമായി പിന്തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Top