പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും ബിജെപിക്ക് നിരാശപ്പെടേണ്ടിവന്നു.
നാല് മണ്ഡലങ്ങളിലും ബിജെപിക്ക് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. ദിന്‍ഹത, ശാന്തിപുര്‍, ഖര്‍ദഹ, ഗൊസാബ എന്നീ മണ്ഡലങ്ങളാണ് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ശാന്തിപുരില്‍ ഒഴികെ ബാക്കി മൂന്നു മണ്ഡലങ്ങളിലും ബിജെപിക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്.

മമതാ ബാനര്‍ജിക്കായി ഭവാനിപുര്‍ മണ്ഡലത്തില്‍ നിന്ന് രാജിവച്ച സോവന്‍ദേബ് ചതോപാധ്യായ ഖര്‍ദഹയില്‍ നേടിയത് 93,832 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഗോസബയില്‍ 1,43,051 വോട്ടുകളാണ് തൃണമൂലിന്റെ ഭൂരിപക്ഷം ഉറപ്പിച്ചത്. ബിജെപി എംപി ജഗന്നാഥ് സര്‍ക്കാര്‍ രാജിവച്ചതോടെയാണ് ശാന്തിപുറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. അവിടെയും നേട്ടം കൈവരിക്കാനായത് തൃണമൂലിന് തന്നെയെന്നതും ശ്രദ്ധേയമാണ്. ബ്രജ കിഷോര്‍ ഗോസാമിയിലൂടെ പാര്‍ട്ടി മണ്ഡലം പിടിച്ചെടുത്തത് 64,675 വോട്ടുകള്‍ക്കാണ്.

ലോക്‌സഭാ അംഗത്വം നിലനിര്‍ത്തുന്നതിന് നിസിത് പ്രമാണിക് നിയമസഭാ അംഗത്വം രാജിവച്ചതിനെ തുടര്‍ന്നാണ് ദിന്‍ഹത മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 57 വോട്ടുകള്‍ക്കായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ പ്രമാണിക് തൃണമൂലിന്റെ ഉദയന്‍ ഗുഹയെ തോല്‍പിച്ചിരുന്നതെങ്കില്‍ ഇത്തവണ ഉപതെരഞ്ഞെടുപ്പിലൂടെ 1,64,089 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗുഹ സീറ്റ് പിടിച്ചെടുത്തത്.

Top