അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ റാലി സംഘടിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ റാലി സംഘടിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. റാലി ഐക്യത്തിന് വേണ്ടിയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. റാലിയില്‍ എല്ലാ മതങ്ങളിലെയും ആളുകളെ ഉള്‍ക്കൊള്ളിക്കുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.

ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. മമത ബാനര്‍ജിയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ ആയുധമായാണ് രാമക്ഷേത്ര ഉദ്ഘാടനത്തെ കണക്കാക്കുന്നത്. ചടങ്ങിലേക്ക് രാമക്ഷേത്ര ട്രസ്റ്റ് എല്ലാ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷത്തെ പ്രമുഖരെയും ക്ഷണിച്ചതിന്റെ പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്.

രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രം?ഗത്തെത്തിയിരുന്നു. മതവിശ്വാസത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് സീതാറാം യെച്ചൂരി ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതെന്ന് പറഞ്ഞിരുന്നു.

പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രം ജനുവരി 22ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും 6,000-ത്തിലധികം ആളുകളും പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കും.

Top