തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ കാര്‍ അടിച്ചുതകര്‍ത്തു; പിന്നില്‍ ബിജെപിയെന്ന് പരാതി

ത്രിപുര: തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുസ്മിത ദേവിന്റെ കാര്‍ അടിച്ചുതകര്‍ത്തു. രാഷ്ട്രീയ പ്രചാരണങ്ങളില്‍ സഹായിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ ചില ജീവനക്കാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സുസ്മിത ആരോപിച്ചു.

ഉച്ചയ്ക്ക് 1:30 ഓടെ അമ്താലി ബസാറില്‍ വെച്ചാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമുള്ള നീല എസ്യുവിയാണ് അക്രമികള്‍ തകര്‍ത്തത്. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. പാര്‍ട്ടി അനുഭാവികളുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വസ്തുവകകളുടെ മോഷണം പോയതായും പരാതിയില്‍ പറയുന്നു.

ത്രിപുരയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് സുസ്മിത ദേവാണ്. സംഭവം നടക്കുമ്പോള്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്ന പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ജീവനക്കാര്‍ക്കൊപ്പമായിരുന്നു സുസ്മിത ദേവ്. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും ഐപിഎസിയും ഈ വര്‍ഷം ആദ്യം നടന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

Top