‘നീതി ലഭിക്കാന്‍ കാത്തിരിക്കേണ്ട, ജനങ്ങള്‍ ശിക്ഷ വിധിക്കട്ടെ’! ഡോക്ടറുടെ കൊല, പ്രതികരിച്ച് എം.പി

ന്യൂഡല്‍ഹി: തെലങ്കാനയില്‍ വെറ്റിറനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധം പുകയുകയാണ്. പ്രതികരണവുമായി നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മിമി ചക്രവര്‍ത്തിയും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം എംപി ജയാ ബച്ചന്‍ നടത്തിയ പ്രസ്താവനയെ താന്‍ പിന്തുണയ്ക്കുന്നു എന്നാണ് മിമി പറഞ്ഞത്.
‘പ്രതികളെ പൊതുജനത്തിന് വിട്ടുകൊടുത്ത് പരസ്യമായി തല്ലിക്കൊല്ലണം’ എന്നായിരുന്നു ജയാ ബച്ചന്‍ പറഞ്ഞിരുന്നത്. പെട്ടെന്നുള്ള ശിക്ഷയിലൂടെ മാത്രമേ സ്ത്രീകളെ ലക്ഷ്യമാക്കിയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് അവസാനമുണ്ടാകൂ എന്ന് മിമി ചക്രവര്‍ത്തി കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ ട്വിറ്റര്‍ കുറിപ്പിലൂടെ ആയിരുന്നു മിമി ചക്രവര്‍ത്തിയുടെ പ്രതികരണം. ”അവരുടെ പ്രസ്താവനയെ ഞാന്‍ പിന്തുണയ്ക്കുന്നു. എല്ലാ വിധ സുരക്ഷയോടും കൂടി പ്രതികളെ കോടതിയ്ക്ക് മുന്നില്‍ എത്തിച്ച് നീതി ലഭിക്കാന്‍ കാത്തിരിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഉടനടിയുള്ള ശിക്ഷയാണ് വേണ്ടത്. വളരെ ശക്തമായി ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് ഞാന്‍ എല്ലാ അധികാരികളോടും പറയാന്‍ ആഗ്രഹിക്കുന്നു. ബലാത്സംഗത്തിന് മുമ്പ് ഒരു വ്യക്തി നൂറ് തവണ ചിന്തിക്കുന്ന തരത്തിലുള്ള നിയമമായിരിക്കണം അത്. സ്ത്രീയെ മോശം കണ്ണുകളോടെ നോക്കാന്‍ പോലും അവര്‍ മടിക്കണം.” എന്നായിരുന്നു മിമി പറഞ്ഞത്.

Top