തൃണമൂലില്‍ കൊഴിഞ്ഞ് പോക്ക്; ലോക്‌സഭാംഗം ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗം സൗമിത്രഖാന്‍ ബിജെപിയില്‍ ചേര്‍ന്നു. രാവിലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചനടത്തിയിരുന്നു.

പശ്ചിമബംഗാളിലെ ബിഷ്‌നുപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഖാന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.

ബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മമത ബാനര്‍ജിയും ബിജെപിയും തമ്മില്‍ തുറന്ന പോരില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബാഗാളില്‍ രഥയാത്ര നടത്താന്‍ ബിജെപിക്ക് മമത അനുമതി നിഷേധിച്ചിരുന്നു. ബംഗാളില്‍ ജനാധിപത്യമില്ലെന്ന് മോദി വിമര്‍ശിച്ചപ്പോള്‍ ബംഗാളില്‍ പശുക്കളുടെ പേരില്‍ ആരെയും കൊല്ലുന്നില്ലെന്നായിരുന്നു മമതയുടെ മറുപടി. ലോക്‌സഭാംഗം കൂടിയായ ഖാന്‍ കാവിയണിയാന്‍ തീരുമാനിച്ചതിനെ മമത ഏതു വിധത്തില്‍ പ്രതിരോധിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Top