കൊവിൻ പോർട്ടലിലെ വിവര ചോർച്ചയില്‍ അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

ദില്ലി: കൊവിൻ പോർട്ടലിലെ വിവര ചോർച്ചയില്‍ അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ആരോഗ്യ മന്ത്രാലയം ഇതേ കുറിച്ച് അറിഞ്ഞിട്ടില്ലേയെന്ന് തൃണമൂൽ കോൺഗ്രസ് പരിഹസിക്കുന്നത്. ഗുരുതരമായ വിവര ചോര്‍ച്ചയില്‍ ഐ ടി വകുപ്പടക്കം മറുപടി പറയണമെന്നും പാർട്ടി വക്താവ് സാകേത് ഗോഖലേ ആവശ്യപ്പെട്ടു. വാക്സിനേഷൻ സമയത്ത് കൊവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ടെലഗ്രാം ആപ്പിൽ ഇപ്പോൾ ലഭ്യമാണ്.

ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം രൂക്ഷമാവുന്നത്. ഇത്തരത്തില്‍ ലഭ്യമായ വ്യക്തിഗത വിവരങ്ങള്‍ വിവിധ മാധ്യമങ്ങള്‍ ഇതിനോടകം പുറത്ത് വിട്ടിരുന്നു. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പ്‍ ഉപയോഗിച്ച ആ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ആളുകളുടെ മുഴുവന്‍ വിവരങ്ങളും ടെലഗ്രാമില്‍ ലഭ്യമാണ്. വാക്സിന്‍ സ്വീകരണത്തിന് ഉപയോഗിച്ച ഐഡി കാര്‍ഡ് നമ്പര്‍, ലിംഗം, ജനന തിയതി, വാക്സിന്‍ എടുത്ത സ്ഥലം അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് ടെലഗ്രാമില്‍ ലഭ്യമായത്.

ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് അടക്കമുള്ള വിവരങ്ങളും ഇത്തരത്തില്‍ കൊവിന്‍ പോര്‍ട്ടലില്‍ നിന്ന് ലഭ്യമായതായാണ് മാധ്യമ വാര്‍ത്തകള്‍. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ മുഴുവന്‍ ആളുകളെ വരെ രജിസ്റ്റര്‍ ചെയ്ത സംഭവങ്ങളില്‍ മുഴുവന്‍ വിവരങ്ങളും ഇത്തരത്തില്‍ പുറത്തായിരുന്നു. കൊവിന്‍ പോര്‍ട്ടലില്‍ ഒടിപി ലഭിക്കാതെ വിവരങ്ങള്‍ ലഭിക്കാതെ ഇരിക്കുന്ന സമയത്താണ് ടെലഗ്രാമില്‍ വിവരങ്ങള്‍ അനായാസമായി ലഭിക്കുന്നത്.

Top