ബംഗാളിൽ കാവിപ്പടയുടെ കിടിലൻ മുന്നേറ്റം, അമ്പരന്ന് തൃണമൂൽ കോൺഗ്രസ്സ് നേതൃത്വം

Mamata Banerjee ,BJP

കൊല്‍ക്കത്ത : ചെങ്കൊടിയെ പിഴുതെറിഞ്ഞ് ബംഗാളില്‍ ഉരുക്കുകോട്ട തീര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ ചങ്കിടിപ്പിച്ച് കാവിപ്പട.

സംസ്ഥാന സര്‍ക്കാറിന്റെയും തൃണമൂല്‍ പ്രവര്‍ത്തകരുടെയും മാര്‍ഗ്ഗതടസ്സങ്ങള്‍ തകര്‍ത്തെറിഞ്ഞ് കൊല്‍ക്കത്തയില്‍ ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ച സംഘടിപ്പിച്ച റാലിയിലേക്ക് പതിനായിരങ്ങളാണ് ഒഴുകി എത്തിയത്.

ഈ റാലിക്ക് നേരത്തെ അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച അമിത് ഷാ തന്നെ അറസ്റ്റു ചെയ്യുവാന്‍ വെല്ലുവിളിച്ചാണ് റാലിക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. നേതാവിന്റെ ഈ പ്രഖ്യാപനത്തില്‍ ആവേശം കൊണ്ട പ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ തലസ്ഥാനത്തേക്ക് ഒഴുകുകയായിരുന്നു.

ആര്‍.എസ്.എസ് നിര്‍ദ്ദേശത്തിന്‍ കീഴില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അക്രമങ്ങളെ പ്രതിരോധിച്ച് ബി.ജെ.പി-യുവമോര്‍ച്ച സംഘടനകള്‍ വലിയ വളര്‍ച്ചയാണ് ചുരുങ്ങിയ കാലം കൊണ്ട് ബംഗാളില്‍ കൈവരിച്ചിരിക്കുന്നത്.

തൃണമൂല്‍ ആക്രമണത്തെ ഫലപ്രദമായി നേരിടാന്‍ കഴിയാത്ത സി.പി.എം കേഡര്‍മാര്‍ പോലും സംഘപരിവാര്‍ പാളയത്തിലെത്തുന്ന കാഴ്ചയാണ് സംസ്ഥാനത്തുള്ളത്.

Mamata Banerjee ,BJP

ബി.ജെ.പിയുടെ വളര്‍ച്ച മമത ബാനര്‍ജിയെ അസ്വസ്ഥമാക്കി തുടങ്ങി എന്നതിന്റെ സൂചനയാണ് അടുത്തയിടെ സഖ്യസാധ്യത മുന്‍ നിര്‍ത്തി കോണ്‍ഗ്രസ്സ്-തൃണമൂല്‍ നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍. കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തെ കൂട്ടുപിടിച്ചാണ് തൃണമൂല്‍ സഖ്യശ്രമം നടത്തുന്നത്.

ബംഗാളില്‍ നിന്നുള്ള 42 എം.പിമാരില്‍ നിലവിലുള്ള 34പേരും തൃണമൂല്‍ കോണ്‍ഗ്രസ്സിനാണ്. പ്രതിപക്ഷ മഹാസഖ്യ പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന മമത ബാനര്‍ജി ഏതു വിധേയനേയും ഈ സീറ്റുകള്‍ നില നിര്‍ത്താനാണ് ശ്രമിക്കുന്നത്.

മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ബംഗാള്‍ സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നും മമത ഭയക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍ ആരുമായും കൂട്ടുകൂടാന്‍ തയ്യാറാണെന്ന നിലപാടിലാണ് മമത.

ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇതിനകം തന്നെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ സഹായത്തോടെ ബി.ജെ.പി നടത്തുന്നത്. ബി.ജെ.പി ദേശീയ നേതൃത്വം മറ്റൊരു സംസ്ഥാനത്തിനും നല്‍കാത്ത പ്രത്യേക ശ്രദ്ധ ഇപ്പോള്‍ ബംഗാളിനു നല്‍കുന്നുണ്ട്. 25 സീറ്റെങ്കിലും നേടാന്‍ കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.

കേന്ദ്രത്തില്‍ പ്രത്യേകിച്ച് റോള്‍ ഇല്ലാത്തത് വോട്ടിങ്ങില്‍ തിരിച്ചടിയാവുമെന്ന് ഭയന്നാണ് കൂട്ടുകക്ഷി സര്‍ക്കാരില്‍ മമത പ്രധാനമന്തിയാവുമെന്ന പ്രചരണം തൃണമൂല്‍ നേതാക്കള്‍ നടത്തുന്നതെന്നാണ് ബി.ജെ.പി നേതൃത്വം പരിഹസിക്കുന്നത്. പ്രാദേശിക വികാരം ഉയര്‍ത്താനുള്ള ഇത്തരം ചെപ്പടിവിദ്യകള്‍ നടപ്പില്ലന്ന് കാവിപ്പട തുറന്നടിച്ചു.

അതേസമയം ബി.ജെ.പിയെ തുരത്താന്‍ ബന്ധശത്രുവായ സി.പി.എമ്മുമായിപോലും സഹകരിക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് മമത. കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മമതയുടെ നടപടി ഒരു മുഴം മുന്‍പേയുളള ചുവടുവയ്പായാണ് ബംഗാള്‍ മാധ്യമങ്ങളും വിലയിരുത്തുന്നത്.

എന്നാല്‍ കൊടുംപാതകം ചെയ്യുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സുമായി എന്ത് സാഹചര്യമുണ്ടായാലും സഹകരിക്കുന്ന പ്രശ്‌നമില്ലന്ന നിലപാടിലാണ് സി.പി.എം സംസ്ഥാന നേതൃത്വം.

Mamata Banerjee ,BJP

തൃണമൂല്‍ നേതൃത്വത്തെ വിറപ്പിച്ച് കൊല്‍ക്കത്തയില്‍ നടത്തിയ യുവമോര്‍ച്ച റാലി ലോകസഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ കാഹളമായിമാറിക്കഴിഞ്ഞു.

മമതാ ബാനര്‍ജിയുടെ തൃണമൂലിനെ ബംഗാളിലെ മണ്ണില്‍ നിന്നും വേരോടെ പിഴുതെറിയുമെന്ന് അമിത് ഷാ റാലിയെ അഭിസംബോധന ചെയ്ത് ശപഥം ചെയ്തു.

ബംഗ്‌ളാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് ബംഗാളില്‍ അഭയം നല്‍കാനാണ് മമതയുടെ ശ്രമമെന്നും അമിത് ഷാ ആരോപിച്ചു. അതിന് കാരണം, അവര്‍ മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കാണെന്നത് തന്നെ. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ഷാ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനും തൃണമൂലിനും വോട്ട് ബാങ്കാണ് പ്രഥമ പരിഗണന. എന്നാല്‍ ബി.ജെ.പി മറ്റെന്തിനെക്കാളുമാദ്യം പരിഗണന നല്‍കുന്നത് രാജ്യത്തിന്റെ കാര്യത്തിനാണ്. എന്തുവന്നാലും ദേശീയ പൗരത്വ രജിസ്റ്ററുമായി ബി.ജെ.പി മുന്നോട്ട് പോകും. കോണ്‍ഗ്രസിനോ മമതയ്‌ക്കോ അതിനെ തടയാനാകില്ല. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന നടപടികള്‍ സമാധാനപരമായി നടക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. എന്നാല്‍ മമത അതിന് തുരങ്കം വയ്ക്കുകയാണ്.

ബംഗാളില്‍ നിന്ന് താന്‍ തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചതിനും അമിത് ഷാ മറുപടി നല്‍കി. എനിക്ക് എങ്ങനെയാണ് ബംഗാള്‍ വിരുദ്ധനാകാന്‍ കഴിയുക. ബി.ജെ.പിയുടെ സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജി ബംഗാളിന്റെ മഹാനായ മകനാണ്. അങ്ങനെയുള്ള തനിക്കോ ബി.ജെ.പിക്കോ ബംഗാള്‍ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കഴിയുമോയെന്നും ഷാ ചോദിച്ചു.

റിപ്പോര്‍ട്ട് : ടി. അരുൺകുമാർ

Top