ബംഗാളിൽ മമത ഭരണകൂടം ഉലയുന്നു, അനിവാര്യമായ പതനം അരികെയോ ?

ദ്യം നേതാക്കള്‍ പിന്നാലെ അണികള്‍ വന്നുകൊണ്ടിരിക്കും’ ഇതാണിപ്പോള്‍ ബി.ജെ.പി പയറ്റുന്ന പുതിയ കാലത്തെ രാഷ്ട്രീയം. കര്‍ണ്ണാടകത്തിലും ഗോവക്കും പുറമെ പശ്ചിമ ബംഗാളിലും കൂറുമാറ്റ രാഷ്ട്രിയമാണ് ബി.ജെ.പി പയറ്റുന്നത്.

മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ എം.എല്‍.എമാരെ ഒപ്പം നിര്‍ത്തി മമത സര്‍ക്കാറിനെ മറിച്ചിടാനാണ് നീക്കം. ഇടതുപക്ഷ എം.എല്‍.എമാരെ കൂറുമാറ്റുന്നത് ശ്രമകരമായ ജോലി ആയതിനാല്‍ കോണ്‍ഗ്രസ്സ്, തൃണമുല്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാരിലാണ് നോട്ടം.

107 നിയമസഭാംഗങ്ങള്‍ ബി.ജെ.പിയിലേക്ക് വരുമെന്ന മുകള്‍ റോയിയുടെ അവകാശവാദം ബംഗാള്‍ രാഷ്ട്രീയത്തെയാകെ ഇപ്പോള്‍ പിടിച്ച് കുലുക്കിയിരിക്കുകയാണ്.മമത ബാനര്‍ജിക്ക് ബംഗാള്‍ ഭരണം പിടിച്ചെടുക്കാന്‍ കരുത്തു നല്‍കിയ നേതാക്കളില്‍ പ്രമുഖനാണ് മുകള്‍ റോയ്. ഇദ്ദേഹം ബി.ജെ.പിയില്‍ എത്തിയതോടെയാണ് മമതയുടെ നീക്കങ്ങള്‍ക്ക് ചുവടുകള്‍ പിഴച്ചത്.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ശക്തമായ ഇടപെടലുകളാണ് ബി.ജെ.പി ബംഗാളില്‍ നടത്തി വരുന്നത്. ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയും കാവിപ്പടക്കുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേത് ഉള്‍പ്പെടെ 8 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതോടൊപ്പം തന്നെ കൂറുമാറിയ തൃണമൂല്‍ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ സൗത്ത് ദിനജ്പുര്‍ ജില്ലാ പരിക്ഷത്തു ഭരണം ബി.ജെ.പി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

വടക്കന്‍ ബംഗാളില്‍ തൃണമുലിനെ പടുത്തുയര്‍ത്തിയ ബിപ്ലവ് മിത്രയെയും മുകള്‍ റോയ് ബി.ജെ.പിയാക്കി മാറ്റി.മമതയെ സംബന്ധിച്ച് ഓര്‍ക്കാപ്പുറത്തുള്ള പ്രഹരമായിരുന്നു അത്.

ഇപ്പോള്‍ ബി.ജെ.പിയില്‍ ചേക്കേറാന്‍ ക്യൂ നില്‍ക്കുന്നുവെന്ന് മുകള്‍ റോയ് തന്നെ പറയുന്നവരില്‍ ബഹുഭൂരിപക്ഷവും തൃണമൂല്‍ എം.എല്‍.എമാരാണ്. അനുകുല സാഹചര്യത്തിനായാണ് ബി.ജെ.പി ഇവിടെ കാത്ത് നില്‍ക്കുന്നത്.

2014-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ നേടിയ രണ്ട് സീറ്റില്‍ നിന്നും 18 സീറ്റിലേക്ക് വളരാന്‍ കഴിഞ്ഞതാണ് ബംഗാളില്‍ കാവിപ്പടയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. തൃണമൂല്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെ മോഹന വാഗ്ദാനത്തില്‍ വീഴുന്നതും ഈ മുന്നേറ്റം കണ്ട്‌കൊണ്ടാണ്. എം.എല്‍.എമാരെയും നേതാക്കളെയും ഒപ്പം നിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും മമത നോക്കുന്നുണ്ടെങ്കിലും അതൊന്നും വിലപ്പോവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഇടതുപക്ഷ പ്രവര്‍ത്തകരെ കൊന്നൊടുക്കാന്‍ തൃണമൂലുകാര്‍ കാട്ടിയ ആവേശമൊന്നും നിലവില്‍ ബംഗാളിലില്ല. കമ്യൂണിസ്റ്റുകള്‍ ഇല്ലാതായാല്‍ അവിടെ കാവി രാഷ്ട്രീയം കുതിച്ചുയരുമെന്ന കാര്യം പോലും ഇപ്പോഴാണ് മമത ബാനര്‍ജിക്കും മനസ്സിലായിരിക്കുന്നത്.

മമത ഭരണകൂടം അധികാരത്തില്‍ വന്നതിന് ശേഷം നൂറ് കണക്കിന് സി.പി.എം പ്രവര്‍ത്തകരാണ് ബംഗാളില്‍ കൊല്ലപ്പെട്ടിരുന്നത്. അനവധിപേര്‍ വീടും നാടും വിട്ട് പലായനവും ചെയ്യുകയുണ്ടായി. സിപിഎം ഓഫീസുകള്‍ തൃണമൂല്‍ ഓഫീസുകളാക്കിയും അവിടെ മാറ്റിയിരുന്നു.

ഭീതിപ്പെടുത്തുന്ന ആ ഓര്‍മ്മകള്‍ ഇപ്പോള്‍ തിരിച്ച് വേട്ടയാടുന്നത് മമതയെയാണ്. തൃണമുല്‍ നേതാക്കളുടെയെല്ലാം ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു ബി.ജെ.പിയുടെ മുന്നേറ്റം. അധികം താമസിയാതെ സംസ്ഥാന സര്‍ക്കാര്‍ നിലംപതിക്കുമെന്ന പേടി മുഖ്യമന്ത്രി മമത ബാനര്‍ജിയുടേയും ഉറക്കം കെടുത്തിരിക്കുകയാണ്.

പ്രതിപക്ഷവുമായി യോജിപ്പാകാമെന്ന അവരുടെ വൈകി വന്ന പ്രതികരണം തന്നെ ഭയത്തില്‍ നിന്നും ഉണ്ടായതാണ്. ബി.ജെ.പിയാകട്ടെ മുന്നറിയിപ്പ് നല്‍കി വേട്ടയാടുന്ന സമീപനമാണ് ബംഗാളില്‍ സ്വീകരിച്ചിരിക്കുന്നത്.

തൃണമൂല്‍ എം.എല്‍.എമാര്‍ കൂട്ടത്തോടെ കൂറുമാറുമെന്ന വാര്‍ത്ത മമതയെ എതമാത്രം അസ്വസ്ഥമാക്കുമെന്ന് വ്യക്തമായി അറിയാവുന്നതും മുകള്‍ റോയിക്ക് തന്നെയാണ്.

മമതക്ക് സമനില തെറ്റുന്ന സാഹചര്യത്തില്‍ നടത്തുന്ന ‘ഇടപെടലുകള്‍’ ഒടുവില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഈ മുന്‍ സഹപ്രവര്‍ത്തകന്‍.

അതേസമയം ഓപ്പറേഷന്‍ ബംഗാള്‍ അധികം താമസിയാതെ തന്നെ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം.

കര്‍ണ്ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ കഴിഞ്ഞതും ഗോവയില്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂടുമാറിയതും ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്.

ത്രിപുരയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായാണ് ബി.ജെ.പി ജയം ഉറപ്പിച്ചത്. ഇവിടെ പലയിടത്തും പ്രതിപക്ഷത്തിന് നോമിനേഷന്‍ കൊടുക്കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടായിരുന്നു.

കൂറുമാറ്റ രാഷ്ട്രീയത്തിനും ഏകാധിപത്യ ശൈലിക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ബി.ജെ.പി അതൊന്നും മുഖവിലക്കെടുക്കുന്നില്ല. മാര്‍ഗ്ഗം ഏതായാലും ലക്ഷ്യമാണ് പ്രധാനമെന്നതാണ് അവരുടെ നിലപാട്.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ബംഗാളിന്റെ ഭരണം പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗിയ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്

Top