തൃണമൂല്‍ കോണ്‍ഗ്രസ് 291 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കുമെന്നുറപ്പായി. നന്ദിഗ്രാമടക്കം 291 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സഖ്യകക്ഷികള്‍ക്കായി മൂന്ന് സീറ്റുകള്‍ വിട്ടുകൊടുത്തതായി മമത അറിയിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ 50 പേര്‍ സ്ത്രീകളാണ്. 45 മുസ്ലിം സ്ഥാനാര്‍ഥികളുണ്ട്. 79 പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും 17 പേര്‍ പട്ടികവര്‍ഗ വിഭാഗക്കാരുമാണ്.

294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുര്‍ മണ്ഡലത്തില്‍ ഇത്തവണ മുതിര്‍ന്ന തൃണമൂല്‍ നേതാവും മന്ത്രിയുമായ സോവന്‍ദേബ് ചട്ടോപാധ്യായയാണ് സ്ഥാനാര്‍ഥി.

നന്ദിഗ്രാമിലെ തൃണമൂല്‍ എംഎല്‍എ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെ അനുയായികള്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം മമതയെ നന്ദിഗ്രാമില്‍ മത്സരിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് മമത ഏറ്റെടുത്തിരിക്കുന്നത്.

നിലവിലുള്ള 24 ഓളം എംഎല്‍എമാര്‍ക്ക് സീറ്റില്ല. പ്രായവും മറ്റു കാരണങ്ങളും പരിഗണിച്ചാണ് ഇവരെ ഒഴിവാക്കിയതെന്ന് മമത പറഞ്ഞു. ക്രിക്കറ്റ് താരം മനോജ് തിവാരി ഷിബ്പുരില്‍ മത്സരിക്കും.

 

Top