ലോക്‌സഭ തെരഞ്ഞെടുപ്പ്: പശ്ചിമബംഗാളില്‍ 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്.അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ ബെഹ്‌റാംപൂരില്‍ നിന്നാവും യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ മൊയ്ത്ര കൃഷ്ണനഗറിലും അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ സ്ഥാനാര്‍ത്ഥിയാകും.

മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി അസാദ് ബര്‍ദമാന്‍ ദുര്‍ഗാപുരില്‍ മത്സരിക്കും. നിലവില്‍ ബി.ജെ.പിയുടെ എസ്.എസ്. അലുവാലിയയാണ് ഇവിടുത്തെ എം.പി. ജല്‍പായ്ഗുരിയില്‍ നിര്‍മല്‍ ചന്ദ്ര റോയ് മത്സരിക്കും. ഡാര്‍ജിലിങ്ങില്‍ ഗോപാല്‍ ലാമയും ബരക്പുരില്‍ പാര്‍ഥ ഭൗമിക്കും ഡുംഡുമില്‍ സൗഗത റോയും ബസിര്‍ഹട്ടില്‍ ഹാജി നൂറുല്‍ ഇസ്ലാമും മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ മത്സരിക്കും. ജാദവ്പുരില്‍ സയോനി ഘോഷാണ് സ്ഥാനാര്‍ഥി. ശ്രീരാംപുരില്‍ കല്യാണ്‍ ബാനര്‍ ജനവിധി തേടും.

സന്ദേശ്ഖലി ഉള്‍പ്പെടുന്ന മണ്ഡലമാണ് ബസിര്‍ഹട്ട്. ഇവിടെ നുസ്റത്ത് ജഹാനെ മാറ്റിയാണ് ഹാജി നൂറുല്‍ ഇസ്ലാമിനെ മത്സരിപ്പിക്കുന്നത്. യുവനേതാവും വക്താവുമായ ദേബാന്‍ശുഭട്ടാചാര്യ മത്സരിക്കുന്ന തംലൂകില്‍ മുന്‍ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി മത്സരിച്ചേക്കുമെന്ന് അവസാനനിമിഷംവരെ അഭ്യൂഹമുണ്ടായിരുന്നു. അഭിഷേക് ബാനര്‍ജി സിറ്റിങ് സീറ്റിലാണ് മത്സരിക്കുന്നത്. തൃണമൂലിന്റെ യുവജന വിഭാഗം അധ്യക്ഷയാണ് സയോനി ഘോഷ്.

ബംഗാളിന് പുറമേ അസമിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കുമത്സരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. ഉത്തര്‍പ്രദേശില്‍ എസ്.പിയുമായി ചര്‍ച്ചകള്‍ തുടരുകയാണ്. അതേസമയം, ബംഗാളില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള തൃണമൂലിന്റെ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തി. തൃണമൂലുമായി പരസ്പരബഹുമാനത്തോടെയുള്ള സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെന്നും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല ചര്‍ച്ചകളിലൂടെയാണ് അത്തരം നീക്കുപോക്കുകള്‍ ഉണ്ടാവേണ്ടതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

Top