തൃണമൂല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിയ്ക്കാന്‍ നീക്കങ്ങളുമായി ബിജെപി

കൊല്‍ക്കത്ത: ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങള്‍ പയറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കം എന്നാണ് വിലയിരുത്തലുകള്‍. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 50 എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശതാബ്ദി റോയ് പാര്‍ട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

”ഞാന്‍ ഒരു തീരുമാനമെടുക്കുകയാണെങ്കില്‍, ജനുവരി 16 ന് ഉച്ചക്ക് 2 മണിക്ക് ഞാന്‍ നിങ്ങളെ അറിയിക്കും,” എന്ന സന്ദേശമാണ് ശതാബ്ദി റോയിയുടെ പേരില്‍ അവരുടെ ഫാന്‍ പേജിലൂടെ പ്രചരിക്കുന്നത്. താന്‍ ”മാനസിക വ്യാകുലതയിലാണ്” പല പരിപാടിക്കും തന്നെ വിളിക്കാത്തതിനാല്‍ നിയോജകമണ്ഡലത്തിലെ ആളുകളുമായി വേണ്ടത്ര സമയം ചെലവഴിക്കാന്‍ സാധിച്ചില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. എന്നാല്‍ പോസ്റ്റിന്റെ ആധികാരികത ഉറപ്പായിട്ടില്ല.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൃണമൂല്‍ നേതാക്കളെ എങ്ങനേയും പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ബംഗാളിലെ പ്രചരണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് മുന്നിട്ടിറങ്ങുന്നത്.

Top