തൃക്കാക്കര ബലാത്സംഗ കേസ് പ്രതി സിഐ സുനുവിനെ സസ്‍പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ മൂന്നാം പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ പിആർ സുനുവിനെ സസ്‍പെന്റ് ചെയ്തു. എഡിജിപിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് കമ്മീഷണർ ഉത്തരവിറക്കും. കൊച്ചി കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുനുവിന് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്.

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ ആരോപണ വിധേയനായ സുനു ഇന്ന് രാവിലെയാണ് ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തിരികെ പ്രവേശിച്ചത്. ഒരാഴ്ച്ച മുൻപാണ് പീഡനക്കേസിൽ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മതിയായ തെളിവുകളുടെ അഭാവത്തിൽ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചതിന് പിന്നാലെ സുനുവിനോട് അവധിയിൽ പോകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ നിർദേശം നല്‍കി.

ആരോപണ വിധേയനായ വ്യക്തി സ്റ്റേഷൻ ചുമതല വഹിക്കുന്നത് കൂടുതൽ അവമതിപ്പ് ഉണ്ടാക്കുമെന്ന വിലയിരുത്തലിൽ ആണ് ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി എം ആർ അജിത് കുമാർ സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയത്. താൻ നിരപരാധി എന്ന് ബോധ്യപ്പെട്ടതിനാലാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ മേലധികാരികൾ അനുവാദം തന്നതെന്നായിരുന്നു സുനുവിന്റെ വിശദീകരണം.

Top