തൃക്കാക്കര നഗരസഭയില്‍ ഭരണ-പ്രതിപക്ഷ തമ്മിലടി; ചെയര്‍പേഴ്‌സണ്‍ ആശുപത്രിയില്‍

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ചെയര്‍പേഴ്സന്റെ ചേംബറിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പരുക്കേറ്റ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിപക്ഷം അംഗങ്ങള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി തൃക്കാക്കര നഗരസഭയില്‍ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. ആ സമയത്ത് ചെയര്‍പേഴ്സന്റെ മുറിയുടെ വാതിലില്‍ ഒരു സംഘം പശ ഉരുക്കിയൊഴിക്കുകയും ഇതിനെതുടര്‍ന്ന് തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ വാതിലിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.

നഗരസഭാ ഫണ്ടില്‍ നിന്ന് തന്നെ പൂട്ട് വാങ്ങാന്‍ പണം ചെലവഴിക്കരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഭരണപക്ഷ അംഗങ്ങളാണ് പൂട്ട് തകര്‍ത്തതെന്നും ആരോപിക്കുന്നു. പരുക്കേറ്റ മൂന്ന് പേര്‍ കാക്കനാട് സ്വകാര്യ ആശുപത്രിയിലും മൂന്ന് പേര്‍ സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്.

Top