മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് പി സരിന്‍ നല്‍കിയ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുക അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ എടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ രണ്ടാമത്തെ കേസാണ് രാജീവ് ചന്ദ്രശേഖറിനെതിരെ എടുത്തിട്ടുള്ളത്. നേരത്തെ സൈബര്‍ സെല്‍ എസ് ഐ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുക അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കി സെന്‍ട്രല്‍ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. കേരളത്തിലെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്ത് ലഹള ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെയും കരുതലോടെയും കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന ദിവസം സമൂഹമാധ്യമത്തിലൂടെ പ്രകോപനപരമായ അഭിപ്രായപ്രകടനം നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നത്.

Top