തൃശ്ശൂരില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍

തൃശ്ശൂര്‍: പൂത്തോളില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനെത്തിയവരാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേരാണ് പിടിയിലായത്. ഇവരില്‍ നിന്നു എയര്‍ ഗണ്ണും പൊലീസ് പിടിച്ചെടുത്തു. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ ശാലയിലെ ജീവനക്കാരനേയാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മദ്യം വാങ്ങാനായി നാലു യുവാക്കളെത്തി. മദ്യം വാങ്ങിയ ശേഷം കാര്‍ഡ് വഴി പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കാര്‍ഡ് പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് മറ്റൊരു കാര്‍ഡുമായി വരാം എന്ന് പറഞ്ഞ് ഇവര്‍ പുറത്തേക്ക് പോയി. ഇവര്‍ തിരിച്ചു വന്നപ്പോള്‍ ഒമ്പത് മണി കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. അപ്പോഴായിരുന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സംഭവത്തിന് പിന്നാലെ പ്രതികളെ കണ്ടെത്താനായി സമീപത്തെ ബാറുകളില്‍ നടത്തിയ പരിശോധനയില്‍ അരമന ബാറില്‍ നിന്ന് നാലുപേരെയും പോലീസ് കണ്ടെത്തി. പൊന്നാനി സ്വദേശി റഫീക്, പാലക്കാട് സ്വദേശി അബ്ദുള്‍ നിയാസ്, കോഴിക്കോട് സ്വദേശി നിസാര്‍, ജെയ്‌സണ്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

 

Top